കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ യാത്രക്കാരേക്കാൾ ഫ്ലക്സ് ബോർഡുകൾ; ഹൈക്കോടതിയുടെ കടുത്ത വിമർശനം
കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ അനധികൃത ഫ്ലക്സ് ബോർഡുകളും ബാനറുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെതിരെ കർശന വിമർശനവുമായി ഹൈക്കോടതി. സ്റ്റാൻഡുകളിൽ യാത്രക്കാരേക്കാൾ ബോർഡുകൾ കൂടുതലാണെന്നും, അന്തരീക്ഷം മലീനമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേതൃത്വം നൽകിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ സമർപ്പിച്ച റിപ്പോർട്ടിൽ അനധികൃത ബോർഡുകളുടെ കാര്യത്തിൽ ഏറ്റവും അധികം നിയമലംഘനം നടക്കുന്നത് കെഎസ്ആർടിസി ഡിപ്പോകളിലാണ് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവ നീക്കം ചെയ്യാൻ കെഎസ്ആർടിസി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ ആരോപിച്ചു. ഈ ബോർഡുകളും ഫ്ലക്സുകളും സ്ഥാപിക്കുന്നത് ട്രേഡ് യൂണിയനുകളാണെന്നും, അവരെ നിയന്ത്രിക്കാൻ കെഎസ്ആർടിസിക്ക് കഴിയില്ലേ എന്ന ചോദ്യവുമായി കോടതിയും സമീപിച്ചു. ബോർഡുകൾ സ്ഥാപിക്കുന്നതിൽ ആദ്യം തുടക്കം കുറിക്കുന്നത് അധികാരത്തിലുള്ള പാർട്ടികളാണെന്നും, അവരാണ് അതിന് മാതൃകയാകുന്നതെന്നും കോടതി വിമർശിച്ചു. അതേ സമയം, ഇത്തരത്തിലുള്ള നടപടികൾ നാണക്കേടാണെന്ന് കെഎസ്ആർടിസിയും കോടതിയിൽ സമ്മതിച്ചു.