കന്നിമാസ പൂജ: ശബരിമല നട ഇന്ന് തുറക്കും, പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ്
പത്തനംതിട്ട: കന്നിമാസ പൂജകള്‍ക്കായി ഇന്ന് ശബരിമല നട തുറക്കും. വൈകീട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറക്കുന്നത്. 17 മുതല്‍ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 20ന് സഹസ്രകലശപൂജ, 21ന് സഹസ്രകലശാഭിഷേകം. 21ന് രാത്രി 10ന് നടയടയ്ക്കും. പമ്പയില്‍ 20ന് ആഗോള അയ്യപ്പ സംഗമം നടക്കുന്നതിനാല്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. ചാലക്കയം- പമ്പ റോഡിന്റെ വശത്ത് പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. ഭക്ഷണശാലയുടെ ഷെഡ് ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഒരുഭാഗത്ത് നിര്‍മിക്കുന്നതിനാല്‍ അവിടെയും പാര്‍ക്കിങ് സൗകര്യം കുറവാണ്. പമ്പ -നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തും. ഇതിനായി 40 ബസുകള്‍ എത്തുന്നുണ്ട്. ചെങ്ങന്നൂര്‍, പത്തനംതിട്ട, കുമളി എന്നിവിടങ്ങളില്‍നിന്ന് സ്‌പെഷല്‍ സര്‍വീസുകളും ഉണ്ട്.