ഐസിസി ടി20 റാങ്കിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാമത്; നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ ഇന്ത്യക്കാരന്
ദുബായ്: ഐസിസിയുടെ അന്താരാഷ്ട്ര ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുത്ത വരുണ്‍ ചക്രവര്‍ത്തി പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ ഇന്ത്യക്കാരനാണ് താരം. ടി20ല്‍ 2025ലെ സ്ഥിരതയാര്‍ന്ന ഫോമാണ് താരത്തിന് നേട്ടമായത്. ജസ്പ്രീത് ബുംറയ്ക്കും രവി ബിഷ്ണോയിക്കും ശേഷം ഐസിസിയുടെ അന്താരാഷ്ട്ര ടി20 ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് ചക്രവര്‍ത്തി. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയുടെ ടി20 നിരയിലെ പ്രധാനിയായി ചക്രവര്‍ത്തി മാറിക്കഴിഞ്ഞു. മികച്ച പ്രകടനങ്ങളിലൂടെ ന്യൂസിലന്‍ഡ് പേസര്‍ ജേക്കബ് ഡഫിയെ മറികടന്നാണ് വരുണ്‍ ചക്രവര്‍ത്തി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയതെന്ന് ഐസിസി അറിയിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഫ് സ്പിന്നര്‍ കൂടിയായ താരം ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേട്ടം കരസ്ഥമാക്കിയിരുന്നു.