എഐ പണിയെടുക്കും; ടിസിഎസ് 12,000 പേരെ പിരിച്ചുവിടുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. 2025 -2026 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ശതമാനം ജീവനക്കാരെ കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം. ഇതോടെ ഏകദേശം 12,200 തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ലെവല്‍ ഉദ്യോഗസ്ഥരെ ആയിരിക്കും നടപടി ബാധിക്കുക എന്നാണ് കമ്പനിയുടെ വിശദീകരണം. 'ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന്' എന്ന വിശേഷണത്തോടെയാണ് ടിസിഎസ് സിഇഒ കെ. കൃതിവാസന്‍ തീരുമാനം പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍, ടിസിഎസിന്റെ പുതിയ വിപണികളിലേക്കുള്ള പ്രവേശനം എന്നിവയാണ് നടപടിക്കായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. 'പുതിയ സാങ്കേതികവിദ്യകള്‍, പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രവര്‍ത്തന രീതിയിലെ മാറ്റം എന്നിവ ടിസിഎസ് പരിഗണിച്ച് വരികയാണ്. വിപണിയുടെയും ജോലിയുടേയും രീതികള്‍ മാറുമ്പോള്‍ വരും കാലത്തെ നേരിടാന്‍ കമ്പനിയെ സജ്ജമാക്കേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നടപടികള്‍ പുരോഗമിക്കുകയാണ്. ജീവനക്കാരെ സാധ്യമായ രീതിയില്‍ പുനര്‍വിന്യസിച്ച് കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ പുനര്‍വിന്യാസം ഫലപ്രദമല്ലാത്ത ചില തസ്തികകളുണ്ട്. കമ്പനിയുടെ ആഗോള ജീവനക്കാരുടെ ഏകദേശം 2 ശതമാനം ഇതില്‍ ഉള്‍പ്പെടും എന്നും സിഇഒ പറയുന്നു. 6,13,000 ജീവനക്കാരുണ്ട് നിലവില്‍ ടിസിഎസില്‍.