Latest Updates

ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി ഉയര്‍ത്തി. വിരമിക്കല്‍ ആനുകൂല്യത്തിലും വര്‍ധനവ് വരുത്തി. 20000 രൂപയായിരുന്ന വിരമിക്കല്‍ ആനുകൂല്യം 50000 രൂപയായാണ് ഉയര്‍ത്തിയത്. മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത് എന്ന് കേന്ദ്ര കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്രം നടപടികള്‍ വിശദീകരിച്ചത്. ആശ വര്‍ക്കര്‍മാരായി 10 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവര്‍ക്കായിരിക്കും വിരമിക്കല്‍ ആനുകൂല്യത്തിന്റെ ഗുണം ലഭിക്കുക. ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ പദ്ധതി പ്രകാരം ആശകള്‍ക്ക് പ്രതിമാസം 1,000 രൂപ കൂടി നല്‍കുന്നുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സാങ്കേതിക, സാമ്പത്തിക പിന്തുണ നല്‍കുമ്പോള്‍ ആശമാരുടെ സേവന സാഹചര്യങ്ങളും വേതനവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കേന്ദ്രം വ്യക്തമാക്കി. ആശവര്‍ക്കര്‍മാരുടെ ഓണറേറിയും വര്‍ധിപ്പിക്കണമെന്നും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ ആശമാര്‍ മാസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരത്തെ കുറിച്ചുള്ള എന്‍ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിനാണ് കേന്ദ്രം കണക്കുകള്‍ നിരത്തി മറുപടി നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആശ വര്‍ക്കര്‍മാര്‍ക്ക് യൂണിഫോം, ഐഡി കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, സിയുജി സിമ്മുകള്‍, സൈക്കിളുകള്‍, ആശ ഡയറികള്‍, മരുന്ന് കിറ്റുകള്‍, വിശ്രമമുറികള്‍ എന്നിവ ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം പലവിധ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുമ്പോഴും സംസ്ഥാനതല ഇടപെടലുകളില്‍ അസമത്വം നിലനില്‍ക്കുന്നണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലെ ഇന്‍സെന്റീവുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം പറയുന്നു.

Get Newsletter

Advertisement

PREVIOUS Choice