അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് 2 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈ മാസം 11ാം തീയതി സംഭവിച്ച മരണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്നു കണ്ടെത്തിയത്. തിരുവനന്തപുരത്ത് 52കാരിയും കൊല്ലത്ത് 91കാരനുമാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 62 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതെന്നു ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്നലെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നീന്തൽ കുളങ്ങൾക്കു കർശന സുരക്ഷാ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കും. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തൽ കുളങ്ങൾക്കും ഉത്തരവ് ബാധകമാണ്.