Latest Updates

സൊമാറ്റോയുടെ ഏറ്റവും പുതിയ പരസ്യ ചിത്രങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. ഹൃഥ്വിക് റോഷന്‍ അഭിനയിച്ച പരസ്യം ശ്രദ്ധിക്കപ്പെട്ടെങ്കിലും പരസ്യത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. ഭക്ഷണം വിതരണം ചെയ്യാനെത്തുന്ന ഡെലിവറി ബോയിയുടെ മൂല്യങ്ങളെ മാനിക്കാതെയാണ് കമ്പനി പരസ്യം പുറത്തിറക്കിയിരിക്കുന്നതെന്നാണ് ഉപഭോക്താക്കളുടെ ആരോപണം.   

ഹൃഥ്വിക് റോഷന്റെ വീട്ടില്‍ ഭക്ഷണം എത്തിച്ച ഡെലിവറി ബോയി താരത്തെ കണ്ടു ഞെട്ടുന്നു. എന്നാല്‍ ഭക്ഷണം എത്തിക്കാനെത്തിയ ഡെലിവറി ബോയിക്കൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫോണ്‍ എടുക്കാനായി ഹൃഥ്വിക് അകത്തേക്ക് പോകുന്നു. തിരികെ എത്തുമ്പോള്‍ ഡെലിവറി ബോയി പോയിരുന്നു. ഫോണില്‍ മറ്റൊരു ഹോം ഡെലിവറി അലേര്‍ട്ട് എത്തിയതിനാല്‍ കാത്തു നിന്നാല്‍ ഭക്ഷണം എത്തിക്കാന്‍ വൈകിയേക്കും എന്നതാണ് പോകാന്‍ കാരണം. ഉപഭോക്താവാണ് യഥാര്‍ത്ഥ താരമെന്ന സന്ദേശമാണ് കമ്പനി നല്‍കുന്നത്. എന്നാല്‍ ഡെലിവറി ബോയികളാണ് യഥാര്‍ത്ഥ താരങ്ങള്‍ എന്ന പ്രചരണവുമായി ആളുകള്‍ രംഗത്തെത്തി.   

പുലിവാലു പിടിച്ച കമ്പനി ഒടുവില്‍ വിശദീകരണവുമായി രംഗത്തെത്തി. രണ്ടു മാസം മുമ്പ് ചിത്രീകരിച്ചതാണ് പരസ്യ ചിത്രം. സൊമാറ്റോയുടെ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ തന്നെയാണ് പരസ്യ ചിത്രങ്ങളിലെ താരങ്ങള്‍. പരസ്യത്തില്‍ ഹൃഥ്വിക് റോഷന്‍ ചെയ്യുന്നതു പോലെ ഭക്ഷണം എത്തിക്കുന്നവരോട് മാന്യമായി സംസാരിക്കണം എന്ന സന്ദേശവും പരസ്യം നല്‍കുന്നു. വളരെ കുറച്ച് പേര്‍ മാത്രമാണ് ഇത് ചെയ്യുന്നത്. അഭിമാനത്തോടെയാണ് തങ്ങള്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. താരങ്ങളെ പോലെ തന്നെ ഉപഭോക്താക്കളും പ്രാധാന്യമര്‍ഹിക്കുന്നവരാണ് എന്ന സന്ദേശവും പരസ്യ ചിത്രത്തിലൂടെ നല്‍കുന്നുണ്ടെന്ന് സൊമാറ്റോ വിശദീകരിക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice