തന്റെ പെരുമാറ്റം അക്കാദമിയെ വഞ്ചിക്കുന്നത്; നടൻ വിൽ സ്മിത്ത് രാജിവച്ചു
അക്കാദമി ഓഫ് മോഷൻ പിക്ചർ ആന്റ് ആർട്ടിൽ നിന്ന് നടൻ വിൽ സ്മിത്ത് രാജിവച്ചു. ഓസ്‌കർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ചതിൽ ഖേദം പ്രകടിപ്പിച്ചാണ് രാജി. ഓസ്‌കർ വേദിയിലെ തന്റെ പെരുമാറ്റം അക്കാദമിയെ വഞ്ചിക്കുന്നതെന്ന് വിൽ സ്മിത്ത് പ്രതികരിച്ചു. അതുകൊണ്ട് തന്നെ എന്ത് ശിക്ഷാ വിധിയും സ്വീകരിക്കാൻ തയാറാണെന്ന് വിൽ സ്മിത്ത് അറിയിച്ചു. ഓസ്‌കർ അക്കാദമി വിൽ സ്മിത്തിനെതിരായ അച്ചടക്ക നടപടി ചർച്ച ചെയ്യാനായി യോഗം ചേരാനിരിക്കെയാണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആന്റ് ആർട്ടിൽ നിന്ന് താരം രാജി വച്ചത്. രാജി സ്വീകരിച്ചതായി അക്കാദമി അധ്യക്ഷൻ ഡേവിഡ് റൂബിൻ അറിയിച്ചു.
മാർച്ച് 28നായിരുന്നു ലോകശ്രദ്ധ നേടിയ നാടകീയ സംഭവങ്ങൾക്ക് ഓസ്‌കർ വേദി സാക്ഷ്യം വഹിച്ചത്. അലോപേഷ്യ കാരണം തല മുണ്ഡനം ചെയ്യേണ്ടി വന്ന ജേഡ പിങ്കറ്റ് സ്മിത്തിനെ ഓസ്‌കർ വേദിയിൽ അവതാരകൻ ക്രിസ് റോക്ക് പരിഹസിച്ചു. പരാമർശത്തിൽ പ്രകോപിതനായ ഭർത്താവ് വിൽ സ്മിത്ത് വേദിയിലേക്ക് അതിക്രമിച്ച് കടന്ന് അവതാരകന്റെ മുഖത്തടിക്കുകയുമായിരുന്നു. തന്റെ ഭാര്യയുടെ പേര് ഉച്ചരിക്കരുതെന്ന് സദസിലിരുന്ന് ഉറക്കെ താക്കീത് ചെയ്യുകയും ചെയ്തു.
വലിയ വിവാദങ്ങൾക്കാണ് വിൽ സ്മിത്തിന്റെ ആക്രമണം വഴിവച്ചത്. വിൽ സ്മത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകം രണ്ട് ചേരിയായി. ബോഡ് ഷെയിമിംഗിനേറ്റ അടിയാണ് ഇതെന്ന് ഒരു വിഭാഗം വിശേഷിപ്പിച്ചപ്പോൾ അതിക്രമത്തിനെതിരെ മറുവിഭാഗം പക്ഷം ചേർന്നു.