വിൻസി അലോഷ്യസ് ബോളിവുഡിലേക്ക്
വിൻസി അലോഷ്യസ് ഇപ്പോൾ ബോളിവുഡിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്. ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിൽ മുഖ്യവേഷത്തിലാണ് താരം എത്തുക.
മലയാളി കഥാപാത്രമായാണ് വിൻസി ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ ചിത്രത്തിലെ 95 ശതമാനം ഡയലോഗും ഹിന്ദിയാണെന്നും അതിനാൽ ഭാഷ പഠിക്കുക എന്നത് വെല്ലുവിളിയായിരുന്നു എന്നുമാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ചിത്രത്തിലെ സംവിധായകൻ ഷെയ്സൺ മലയാളിയാണ്. മുംബൈയിലും പൂനൈയിലുമായിട്ടായിരുന്നു ഷൂട്ടിങ് നടന്നതെന്നും വിൻസി വ്യക്തമാക്കി. ദേശീയ പുരസ്കാര ജേതാവ് കൂടിയായ മഹേഷ് റാണെ ആണ് സിനിമയുടെ ക്യാമറ.
ആദിവാസി പ്രശ്നങ്ങൾ കൂടി ചർച്ചയാകുന്ന സിനിമയാണ് ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’.ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കും. നായികയായും സഹനടിയായും മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വിൻസി. അടുത്തിടെ ഇറങ്ങിയ ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളിലെ പ്രകടനം വൻ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ് ചിത്രം ജന ഗണ മനയാണ് പുറത്തിറങ്ങാനുള്ള ചിത്രം. സുപ്രധാന വേഷത്തിലാണ് വിൻസി എത്തുന്നത്.