'ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകും' 'മരയ്ക്കാര്‍' വിവാദത്തില്‍ വിനായകന്‍
മോഹന്‍ലാല്‍ നായകനായ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കെ വിവാദമായി നടന്‍ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകും' എന്നാണ് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വലിയ പ്രതികരണമാണ് ഈ പോസ്റ്റിന് കിട്ടിയത്. വിനായകന്റെ പ്രതികരണം ആരെ ഉദ്ദേശിച്ചാണ് എന്ന് മനസിലാകുന്ന തരത്തിലാണ് പോസ്റ്റിന്റെ താഴെ കമന്റുകള്‍ നിരന്നിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെയാണ് വിനായകന്റെ പോസ്റ്റ്. ഫിലിം ചേംബറിന്റെ മദ്ധ്യസ്ഥതയില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഒരു വട്ടം കൂടി ചര്‍ച്ച നടത്തി സമവായത്തിലെത്താന്‍ ഫിലിം ചേംബര്‍ ശ്രമിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മരക്കാര്‍ ഒ.ടി.ടി റിലീസ് ഉറപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ പുതിയ റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബല്‍ എന്ന മാദ്ധ്യമമാണ് ഇത് വ്യക്തമാക്കിയത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാവും റിലീസ് ചെയ്യുകയെന്നും കരാര്‍ ഒപ്പിട്ടുവെന്നും ഈ മാധ്യമം ട്വീറ്റ് ചെയ്തിട്ടുണ്ട്.