ദുബായില്‍ നിന്നു നാട്ടിലെത്തി; ഭാര്യയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി വിജയ് ബാബു
ദുബായില്‍ നിന്നു നാട്ടിലെത്തിയതിനു പിന്നാലെ ഭാര്യയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി വിജയ് ബാബു. നെടുമ്പാശേരിയില്‍നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആലുവയിലെ ക്ഷേത്രത്തിലാണ് വിജയ് ബാബുവും ഭാര്യ സ്മിതയും ദര്‍ശനം നടത്തിയത്.
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ പോയ വിജയ് ബാബു ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം നാട്ടില്‍ തിരികെയെത്തുന്നത്. കോടതിയിലും പൊലീസിലും തനിക്ക് വിശ്വാസമുണ്ടെന്നും അന്വേഷണവുമായി സഹകരിച്ച് സത്യം തെളിയിക്കുമെന്നും നടന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിലെത്തിയ വിജയ് ബാബു പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് ഹാജരായത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ഇപ്പോള്‍ ചോദ്യം ചെയ്യല്‍ നടക്കുകയാണ്.
വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതടക്കം പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഒളിവില്‍ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.