Latest Updates

മലയാളത്തിന്റെ നടനവിസ്മയമായിരുന്ന നെടുമുടി  വേണു (73)അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. തനിക്ക് വഴങ്ങാത്ത ഒരു കഥാപാത്രവും ബാക്കിയില്ലെന്ന് തെളിയിച്ചിട്ടാണ് ആ മഹാകലാകാരന്‍ വിടവാങ്ങുന്നത്. മലയാള സിനിമക്ക് പകരം വയ്ക്കാനില്ലാത്ത നഷ്ടമാണിത്.    

കോളേജ് പഠനക്കാലത്ത തന്നെ കെ വേണുഗോപാല്‍ എന്ന നെടുമുടി വേണു വെള്ളിത്തിരയിലേക്ക് കടന്നുവന്നിരുന്നു.  തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ഒരു സുന്ദരിയുടെ കഥ എന്ന സിനിമയിലായിരുന്നു അന്ന് അഭിനയിച്ചിരുന്നത്. അരവിന്ദന്‍ സംവിധാനം ചെയ്ത 'തമ്പ്' എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ എന്ന നിലയില്‍ അരങ്ങേറ്റം. പത്മരാജന്റെ ' ഒരിടത്തൊരു ഫയല്‍വാന്‍' എന്ന് ചിത്രത്തിലെ  കാരണവര്‍ വേഷം അദ്ദേഹത്തിനെ കൊണ്ടെത്തിച്ചത് മലയാളസിനിമയുടെ കാരണവര്‍ എന്ന സ്ഥാനത്തേക്കാണ്. സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയായിരുന്നു  നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകിയത്. നായകനും വില്ലനും സഹോദരനും കാരണവരുമൊക്കൊയായി നെടുമുടി വേണു അരങ്ങ് നിറഞ്ഞ് നിന്നത്ത അഞ്ച് ദശകമായിരുന്നു. 

   

പഠനത്തിന് ശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായി. പിന്നീട് പാരലല്‍ കോളേജ് അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. നാടക രംഗത്ത് സജീവമായിരിക്കെയാണ് അദ്ദേഹം സിനിമയിലേക്ക് പ്രവേശിക്കുന്നത്. മൃദംഗ വായനയിലും നെടുമുടി വേണു മികവ് പുലര്‍ത്തിയിരുന്നു. കാവാലത്തിന്റെ നാടകമായ അവനവന്‍ കടമ്പയിലെ വേഷത്തിന് മുന്നില്‍ ആസ്വാദകര്‍ മുട്ടുകുത്തി. ഇന്ത്യന്‍, അന്യന്‍ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  

ചലച്ചിത്രരംഗത്ത് സജീവമായതിന് ശേഷം തിരുവനന്തപുരത്തായിരുന്നു നെടുമുടിയുടെ വാസം. അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയ മഹാപ്രതിഭകളുമായി അഗാധമായ സുഹൃദ് ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. 1990ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുളള ദേശീയ അവാര്‍ഡ് ലഭിച്ചു.2003ല്‍ 'മാര്‍ഗ്ഗം' എന്ന സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു. 1987ല്‍ ഒരു 'മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന് സിനിമയിലെ അഭിനയത്തിന് മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. 2003ല്‍ 'മാര്‍ഗം'എന്ന സിനിമയിലെ അഭിനയത്തിനും മികച്ച നടനുളള അവാര്‍ഡ് ലഭിച്ചു. ഹവാന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സിംബാബ്വേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും മികച്ച നടനുളള അവാര്‍ഡ് ലഭിച്ചു.

Get Newsletter

Advertisement

PREVIOUS Choice