സുരാജിന്റെ യാത്രകള്‍ ഇനി മെഴ്‌സിഡസിന്റെ അത്യാഡംബര എസ്.യു.വിയില്‍
മെഴ്‌സിഡസിന്റെ അത്യാഡംബര എസ്.യു.വി. സ്വന്തമാക്കി നടന്‍ സുരാജ് വെഞ്ഞാറമൂട്. ആഡംബര വാഹനങ്ങളില്‍ ബെന്‍സിന്റെ വാഹനനിരയിലെ ഏറ്റവും വലിയ എസ്.യു.വികളിലൊന്നായ ജി.എല്‍.എസ്. 400 ഡിയാണ് സുരാജ് സ്വന്തമാക്കിയിരിക്കുന്നത്. 1.08 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.
കൊച്ചിയിലെ മെഴ്‌സിഡസ് വിതരണക്കാരായ കോസ്റ്റല്‍ സ്റ്റാറിലെത്തിയാണ് അദ്ദേഹം വണ്ടി സ്വന്തമാക്കിയത്. നടനൊപ്പം കുടുംബാംഗങ്ങളും പുതിയ അതിഥിയെ സ്വീകരിക്കാനെത്തിയിരുന്നു. 9ജി-ട്രോണിക് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. കേവലം 6.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. ബെന്‍സിന്റെ സെഡാനായ എസ് ക്ലാസ് സുരാജിന്റെ ഗ്യാരേജിലുണ്ട്.
പുതിയ ഡിസൈനിലുള്ള ഒക്ടാഗണല്‍ ഗ്രില്ല്, എല്‍ഇഡിയില്‍ തീര്‍ത്ത മള്‍ട്ടിബീം ഹെഡ്‌ലാമ്പ്, അലുമിനിയം സ്‌കിഡ് പ്ലേറ്റ്, അഞ്ച് സ്‌പോക്ക് അലോയി വീല്‍ എന്നിവ ഈ വാഹനത്തെ സ്റ്റൈലിഷാക്കുമ്പോള്‍, ഇന്‍ഫോടെയ്‌മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഡിസ്‌പ്ലേകളാകുന്ന 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ ഇന്റീരിയറിലെ ഹൈലൈറ്റാകും. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 2925 സി.സിയില്‍ 325 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.07 സി.എക്‌സ് 9099 ആണ് സുരാജിന്റെ ആഡംബര ഭീമന് കിട്ടിയ നമ്പര്‍. സ്റ്റൈലിഷ് ഡിസൈനും അത്യാഡംബര ഫീച്ചറുകളും നല്‍കിയാണ് മെഴ്‌സിഡസിന്റെ ഏറ്റവും മികച്ച എസ്.യു.വികളില്‍ ഒന്നാണ് ജി.എല്‍.എസ്. 400 ഡി ഒരുങ്ങിയിരിക്കുന്നത്.