ആ ചിത്രം പരാജയപ്പെടുമെന്ന് അറിയാമായിരുന്നു മമ്മൂട്ടിചിത്രത്തെക്കുറിച്ച് സിബി മലയില്‍
മലയാളികള്‍ക്ക് ഒട്ടേറെ ക്ലാസിക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ആണ് സിബി മലയില്‍. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളെ വെച്ചും ചിത്രങ്ങള്‍ ഒരുക്കിയ സിബി മലയില്‍, ലോഹിതദാസുമായി ചേര്‍ന്ന് സമ്മാനിച്ച മനോഹര ചിത്രങ്ങള്‍ ഒട്ടേറെയാണ്. കിരീടം, ഭരതം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, തനിയാവര്‍ത്തനം, കമലദളം, സദയം, മായാമയൂരം, സമ്മര്‍ ഇന്‍ ബേത്ലഹേം, ഉസ്താദ്, ഓഗസ്റ്റ് ഒന്ന്, ദൂരെ ദൂരെ ഒരു കൂടു കൂട്ടം, ദശരഥം, ആകാശദൂത്, ചെങ്കോല്‍, പ്രണയ വര്‍ണ്ണങ്ങള്‍, ദേവദൂതന്‍, ഇഷ്ടം, എന്റെ വീട് അപ്പൂന്റേം, കാണാക്കിനാവ്, മുത്താരം കുന്നു പി ഓ എന്നിവയെല്ലാം അദ്ദേഹം നമ്മുക്ക് സമ്മാനിച്ച മികച്ച ചിത്രങ്ങളാണ്.
സിബി മലയിലിന്റെ സംവിധാന കരിയറില്‍ ലോഹിതദാസുമായി ചെയ്ത സിനിമകളത്രയും സൂപ്പര്‍ ഹിറ്റായി ഓടുന്ന അവസരത്തിലും സിബി മലയില്‍ മറ്റു സംവിധായകരുടെ രചനകളിലും സിനിമ ചെയ്തിട്ടുണ്ട്. എസ്.എന്‍ സ്വാമി രചന നിര്‍വഹിച്ച് 1990-ല്‍ മമ്മൂട്ടി നായകനായ സിനിമയാണ് 'പരമ്പര'. സുമലത മമ്മൂട്ടിയുടെ നായികയായ ചിത്രം നിര്‍മ്മിച്ചത് മുദ്ര ആര്‍ട്സായിരുന്നു.
എസ്.എന്‍ സ്വാമി സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ആഗസ്റ്റ് ഒന്ന്' എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു 'പരമ്പര'. തന്റെ സിനിമ ജീവിതത്തില്‍ ചെയ്യണ്ടായിരുന്നുവെന്ന് തനിക്ക് തോന്നിയ ഒരേയൊരു സിനിമയായിരുന്നു 'പരമ്പര'യെന്നും ആ സിനിമയുടെ ബോക്സ് ഓഫീസ് പരാജയം താന്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.