മകളുടെ ഫോട്ടോ പങ്ക് വച്ച് പ്രിയങ്ക-നിക്ക് ദമ്പതികള്‍
തങ്ങളുടെ പെണ്‍കുഞ്ഞിന്റെ ആദ്യ ഫോട്ടോ മാതൃദിനത്തില്‍ പങ്കിട്ട് പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് ദമ്പതികള്‍. 100 ദിവസത്തിലധികം NICU വില്‍ (നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) ചെലവഴിച്ചതിന് ശേഷം തങ്ങളുടെ സന്തോഷം വീട്ടിലെത്തിയതായി ദമ്പതികള്‍ വെളിപ്പെടുത്തി.
മേരി ചോപ്ര ജോനാസ് എന്നാണ് ഇവര്‍ മകള്‍ക്ക് നല്‍കിയ പേരെന്നാണ് അറിയുന്നത്. ജനുവരിയില്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ദമ്പതികള്‍ക്ക് മകള്‍ ജനിച്ചത്. അവള്‍ മാസം തികയാതെ ജനിച്ചവളാണെന്നും ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് മാള്‍ട്ടി മേരി ചോപ്ര ജോനാസ് എന്നാണെന്നും മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. പീസി തന്റെ നീണ്ട പോസ്റ്റില്‍ മകളെ 'എംഎം' എന്ന് പരാമര്‍ശിച്ചതിനാല്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ് ആരാധകര്‍.
മകള്‍ക്കൊപ്പം പ്രിയങ്ക പങ്കുവെച്ച ആദ്യ ഫോട്ടോയില്‍, അവളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്നതായി കാണാം. അരികില്‍ ഇരിക്കുന്ന നിക്ക്, കുഞ്ഞ് മാള്‍ട്ടിയെ നോക്കി അവളുടെ ചെറിയ കൈകളില്‍ മുറുകെ പിടിക്കുന്നുണ്ട്. അതേസമയം കുഞ്ഞിന്റെ മുഖത്ത് ഹൃദയത്തിന്റെ സ്റ്റിക്കര്‍ പതിച്ചാണ് പ്രിയങ്ക ഫോട്ടോ പുറത്ത് വിട്ടിരിക്കുന്നത്.
ഒരു നീണ്ട പോസ്റ്റില്‍ പ്രിയങ്ക കുറിച്ചിരിക്കുന്നു-
ഓരോ കുടുംബത്തിന്റെയും യാത്ര അദ്വിതീയമാണ്, ഒരു നിശ്ചിത തലത്തിലുള്ള വിശ്വാസം ആവശ്യമാണ്, ഞങ്ങളുടെ കുറച്ച് മാസങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണെങ്കിലും, പിന്നോട്ട് നോക്കുമ്പോള്‍, വ്യക്തമാകുന്നത്, ഓരോ നിമിഷവും എത്ര അമൂല്യവും പരിപൂര്‍ണ്ണവുമാണ് എന്നതാണ്.'
നിക്ക് ജോനാസും സമാനമായ ഫോട്ടോ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും അതിനോടൊപ്പം ഒരു നീണ്ട കുറിപ്പ് എഴുതുകയും ചെയ്തിട്ടുണ്ട്. . എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍, എന്നാല്‍ എന്റെ അവിശ്വസനീയമായ ഭാര്യ @പ്രിയങ്കാചോപ്രയോട് അവളുടെ ആദ്യ മാതൃദിനത്തില്‍ ഒരു പ്രത്യേക മാതൃദിന ആശംസകള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നും നിക്ക് കുറിച്ചിട്ടുണ്ട്.