Latest Updates

ലക്ഷദ്വീപ് നിവാസികള്‍ക്കായി നിലകൊണ്ടതിന്റെ പേരില്‍ സൈബര്‍ ആക്രമണം ഏറ്റുവാങ്ങേണ്ടിവന്ന നടന്‍ പൃഥ്വി രാജിന് പിന്തുണയുമായി സംവിധായകന്‍ പ്രിയനന്ദനന്‍.  കലാകാരന്‍മാര്‍ വായ് തുറക്കുന്നത് തിരക്കഥയില്‍ എഴുതി വെച്ചിട്ടുള്ള സംഭാഷണങ്ങള്‍ പറയാന്‍ മാത്രമാകരുതെന്നും എങ്കില്‍ മാത്രമേ അവരുടെ പൗരജീവിതം അര്‍ത്ഥപൂര്‍ണ്ണമാകൂ എന്നുമാണ് പ്രിയനന്ദനന്‍ പറയുന്നത്. തികഞ്ഞ ധൈര്യത്തോടെയും ആത്മാര്‍ത്ഥതയോടെയും തന്റെ മനസ്സ് വെളിപ്പെടുത്തി പൃഥിരാജിന്റെ വിവേകത്തിനെ ചേര്‍ത്ത് പിടിച്ച് ഒരു സിനിമാ സലാം എന്നും ഫേസ്ബുക്കില്‍  പ്രിയനന്ദനന്‍ കുറിച്ചു.

പൃഥ്വിരാജിനെ ഇത്രയധികം അധിക്ഷേപിക്കുമ്പോഴും സൂപ്പര്‍ സ്റ്റാറുകളാരും പ്രതികരിക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം എഴുത്തുകാരന്‍ എന്‍എസ് സേതുമാധവന്‍ പ്രതികരിച്ചിരുന്നു. ബിജെപിയിലായിരുന്നിട്ടും സുരേഷ് ഗോപി മാത്രമാണ് പരസ്യമായി പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ ് പ്രിയനന്ദനന്റെ പ്രതികരണമെത്തിയിരിക്കുന്നത്. 

പ്രിയനന്ദനന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം -

ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്ന ജനാവകാശലംഘനത്തെ ക്കുറിച്ച് പൃഥിരാജ് എഴുതിയ കുറിപ്പ് വിവാദമായിരിക്കുകയാണല്ലോ. കേരളവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ദ്വീപ് നിവാസികളുടെ സ്വച്ഛജീവിതത്തിന് മേല്‍ വന്ന് വീണ ദുരിതങ്ങളിലേയ്ക്ക് വലിയ വെളിച്ചം വീശാന്‍ പൃഥിരാജിന്റെ കുറിപ്പിന് കഴിഞ്ഞു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെ പിന്തുണ ഏതാണ്ട് ഒരു ലക്ഷം മാത്രം വരുന്ന ദ്വീപ് നിവാസികള്‍ക്ക് ലഭിക്കാനും അവിടുത്തെ പ്രശ്‌നങ്ങളെ സജീവ ചര്‍ച്ചാവിഷയമാക്കാനും പൃഥിരാജിന് സാധിച്ചു. നാളെ കേരള നിയമസഭ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കനുകൂലമായി പ്രമേയം പാസ്സാക്കുമെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നത്

കലാകാരര്‍ സമൂഹത്തില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുന്ന അക്വേറിയം ജീവികളല്ല. സിനിമ ഉണ്ടാകുന്നതും പ്രദര്‍ശിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയിലാണ്. അതിനാല്‍ നടന്റെ ജീവിതം തിരശ്ശീലയില്‍ മാത്രമല്ല. അതിന് പുറത്ത് ഒരു പൗരജീവിതം കൂടി അവര്‍ക്കുണ്ട്. ഓരോ ജനകീയ സ്പന്ദനങ്ങളും അവരിലൂടെയും കടന്നു പോകുന്നുണ്ട്. കലാകാരര്‍ വായ് തുറക്കുന്നത് തിരക്കഥയില്‍ എഴുതി വെച്ചിട്ടുള്ള സംഭാഷണങ്ങള്‍ പറയാന്‍ മാത്രമാകരുത്. എങ്കില്‍ മാത്രമേ അവരുടെ പൗരജീവിതം അര്‍ത്ഥപൂര്‍ണ്ണമാകൂ.

ആ കൃത്യമാണ് പൃഥിരാജ് അനുഷ്ഠിച്ചത്. തികഞ്ഞ ധൈര്യത്തോടെയും ആത്മാര്‍ത്ഥതയോടെയും തന്റെ മനസ്സ് വെളിപ്പെടുത്തിയ പൃഥിരാജിന്റെ വിവേകത്തിനെ ചേര്‍ത്ത് പിടിച്ച് ഒരു സിനിമാ സലാം.

കങ്കണ റണൗട്ടുമാര്‍ അക്രമത്തിന് അലറിവിളിക്കുമ്പോഴാണ് അന്യന്റെ വേദന ഏറ്റെടുക്കുന്നതാണ് കലാകാരരുടെ ദൗത്യം എന്ന് പൃഥിരാജ് ഉറപ്പിച്ച് തെളിയിക്കുന്നത്. ദുഷ്ടശക്തികള്‍ കുരയ്ക്കുമ്പോഴും വിവേകം നിര്‍ഭയമായി സഞ്ചരിക്കട്ടെ.

Get Newsletter

Advertisement

PREVIOUS Choice