‘അന്ന് അമ്മായിഅമ്മയാണ് എന്നെ ഉപദേശിച്ചത് ‘ 'പ്രെഗ്നന്‍സി ബൈബിളി'ല്‍ കരീന കപൂര്‍
മക്കളായ തൈമൂറിന്റെയും ജെ അലി ഖാന്റെയും ജനനത്തെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചുള്ള കരീന കപൂറിന്റെ പുസ്തകം വിവാദങ്ങളിലാണ്. പ്രെഗ്നന്‍സി ബൈബിള്‍ എന്ന പേര് പുസ്തകത്തിന് നല്‍കിയതാണ് വിവാദത്തിനിടയാക്കിയത്. മക്കളുടെ ജനനത്തെ കുറിച്ചും അവരുടെ ജനനത്തിന് ശേഷം തന്റെ സഹായത്തിനെത്തിയ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും കുറിച്ചാണ് കരീന പുസ്തകത്തില്‍ പങ്കുവെക്കുന്നത്. കരീന എഴുതിയ പുസ്തകത്തിന്റെ ആമുഖം പുറത്തിറങ്ങി.
തന്റെ അമ്മായിയമ്മയായ ഷര്‍മിള ടാഗോര്‍, എത്രയും വേഗം ജോലിയില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിച്ചതിനെക്കുറിച്ചും ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍ തനിക്ക് വലിയ പിന്തുണ നല്‍കിയതിനെക്കുറിച്ചും കരീന സംസാരിച്ചു. ആമുഖത്തില്‍ കരീന ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്,
''ഞാന്‍ ജോലി തുടരണമെന്ന് ആദ്യം പറഞ്ഞവരില്‍ എന്റെ അമ്മായിയമ്മയും ഉണ്ടായിരുന്നു. ആത്മവിശ്വാസത്തോടെ ജോലി ചെയ്യണമെന്നായിരുന്നു അവരുടെ ഉപദേശം. വിവാഹത്തിനും കുട്ടികള്‍ക്കും ശേഷം സിനിമകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ അവര്‍ ഒരു യഥാര്‍ത്ഥ പ്രചോദനം തന്നെയായിരുന്നു. എന്റെ അമ്മയും എനിക്ക് ഒരു ശക്തമായ മാതൃകയാണ്, അമ്മയും അച്ഛനും എന്നോട് പറഞ്ഞതും ജോലിയില്‍ തുടരാന്‍ തന്നെയാണ്. എന്നാല്‍ രണ്ട് കുട്ടികളേയും വെച്ച് എങ്ങനെ എല്ലാം ഭംഗിയായി നടത്താമെന്ന് ചിന്തിച്ച എന്നോട് ഭര്‍ത്താവ് സെയ്ഫ് അലിഖാന്‍ പറഞ്ഞത് തന്നെ കൊണ്ട് എല്ലാം ചെയ്യാന്‍ പറ്റുമെന്നാണ്.
അതേസമയം കരീനയുടെ 'പ്രെഗ്‌നന്‍സി ബൈബിള്‍' എന്ന പുസ്തകത്തിനെതിരെ പരാതിയും ലഭിച്ചിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ക്രൈസ്തവ സംഘടന പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.