Latest Updates

ലക്ഷദ്വീപ് പ്രശ്‌നത്തില്‍ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ച് മറ്റുള്ളവരെ നേരിടുന്ന ബിജെപി നേതാക്കളുടെ രീതിയെ വിമര്‍ശിച്ച സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി എഴുത്തുകാരനായ എന്‍ എസ് മാധവന്‍. മലയാളത്തിലെ മറ്റ് സൂപ്പര്‍ സ്റ്റാറുകള്‍ മൗനം പാലിക്കവെയാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആക്രമണം നേരിട്ട പൃഥിയെ സുരേഷ് ഗോപി പിന്തുണച്ചതെന്ന് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു. രാഷ്ട്രീയം മാറ്റി വെച്ചാല്‍ സുരേഷ് ഗോപിയുടെ ബാക്കി കാര്യങ്ങളോട് തനിക്ക് ബഹുമാനമാണെന്നും ഇത്തരത്തില്‍ മാനുഷികപരമായി ചിന്തിക്കുന്ന സുരേഷ് ഗോപി അധികകാലം വിദ്വേഷപരമായ ബിജെപിയില്‍ തുടരാന്‍ സാധ്യതയില്ലന്നും എന്‍ എസ് മാധവന്‍ അഭിപ്രായപ്പെട്ടു. 

ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നിലപാട് പ്രഖ്യാപിച്ച നടന്‍ പൃഥ്വിരാജിനെതിരെ കടുത്ത ഭാഷയിലാണ് ബിജെപി പ്രതികരിച്ചത്. പൃഥ്വി രാജ് അച്ഛന് അപമാനമാകരുതെന്നായിരുന്നു ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ബിജെപി അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങളും പൃഥ്വിരാജിനെതിരെ നിലപാട് സ്വീകരിച്ചു. സോഷ്യല്‍മീഡിയയില്‍ ബിജെപി അനുയായികള്‍ വളരെമോശമായാണ് പൃഥ്വിരാജിനെതിരെ പ്രതികരിച്ചത്. എന്നാല്‍ സ്വന്തം നിലപാട് വ്യക്തമാക്കിയതിന്റേ പേരില്‍ കൂട്ട ആക്രമണത്തിന് ഇരയായ നടനെ പിന്തുണയ്ക്കാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആരും തയ്യാറായില്ല എന്നത് ശ്രദ്ധേയമായി. ഈ അവസരത്തിലാണ് ബിജെപിക്കാരനായിട്ടും സുരേഷ് ഗോപി രംഗത്തെത്തിയത്. വിമര്‍ശിക്കുമ്പോള്‍ സമഗ്രത, അന്തസ്സ്, മാന്യത എന്നിവ നിലനിര്‍ത്തണമെന്നും വികാരങ്ങള്‍ ശുദ്ധവും ആത്മാര്‍ത്ഥവുമാകണമെന്ന് അദ്ദേഹം ആരുടെയും പേരെടുത്തു പറയാതെ ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു

. വിമര്‍ശിക്കുമ്പോള്‍ വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുതെന്നും അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ ഇവ ര്‍ എല്ലാവര്‍ക്കുമുണ്ടെന്നും സുരേഷ് ഗോപി ഓര്‍മ്മിപ്പിച്ചു. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിര്‍ത്തിക്കൊണ്ട് തന്നെയാകണം വിമര്‍ശനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരെ സുരേഷ് ഗോപി നല്‍കിയ പരോക്ഷതാക്കീത് ഏറെ അംഗീകരിക്കപ്പെടുകയും ചെയ്തു. അതേസമയം സൂപ്പര്‍സ്റ്റാര്‍ ആരും തന്നെ പൃഥ്വിരാജിനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ലെന്ന പുതിയ ചര്‍ച്ച കൂടിയാണ് എന്‍ എസ് മാധവന്റെ കുറിപ്പ് അവശേഷിപ്പിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice