'അതിജീവിത സഹതാപം നേടാന്‍ ശ്രമിക്കുകയാണ്, പറയുന്നത് രണ്ട് പെണ്മക്കളുള്ളയാള്‍' എന്‍ എസ് മാധവന്‍
നടന്‍ ദിലീപിനെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. അതിജീവിതക്കെതിരെ നടന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെയാണ് എഴുത്തുകാരന്‍ രംഗത്തെത്തിയത്. രണ്ട് പെണ്‍മക്കളുള്ള ആളാണ് അതിജീവിത സഹതാപം നേടാന്‍ ശ്രമിക്കുകയാണ് എന്ന് പറയുന്നതെന്ന് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ''ബലാത്സംഗത്തിന് ഇരയായ ഒരാളെ കുറിച്ച് പറയാന്‍ കഴിയുന്ന ഏറ്റവും നിര്‍വികാരമായ കാര്യം. അതിജീവിത സഹതാപം നേടാന്‍ ശ്രമിക്കുകയാണ്, പറയുന്നത് രണ്ട് പെണ്മക്കളുള്ളയാള്‍.
'' സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് ദിലീപിനെതിരെ എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സുപ്രീം കോടതിയില്‍ ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ അതി ജീവിതയ്ക്കും തന്റെ മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.
വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദേശം നല്‍കണം, ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത് തുടങ്ങിയവയാണ് അപേക്ഷയിലൂടെ ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നത് എന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.