സജീവമാകാനൊരുങ്ങി തീയേറ്ററുകള്‍; പ്രദര്‍ശനം പുനരാരംഭിക്കുന്നത് 700 സ്ക്രീനുകളില്‍
കോവിഡ് പ്രതിസന്ധിക്കുശേഷം സംസ്ഥാനത്ത് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനമായതോടെ ആവേശത്തിലാണ് തീയേറ്റര്‍ ഉടമകളുടെ സംഘം. സര്‍ക്കാര്‍ അനുമതി നല്‍കിയതനുസരിച്ച് 25നുതന്നെ തിയറ്ററുകള്‍ തുറക്കുകയും തൊട്ടടുത്തദിവസംമുതല്‍ പ്രദര്‍ശനം തുടങ്ങാനും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് തീരുമാനിച്ചു.
സംസ്ഥാനത്തെ 700 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം പുനരാരംഭിക്കുന്നത്. മലയാള സിനിമാ റിലീസുകള്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ 26ന് തിയറ്റര്‍ ഉടമകളുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്തയോഗം ചേരുന്നുണ്ട്. മോഹന്‍ലാല്‍ നായകനായ 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് ഫിയോക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പും ഉടന്‍ തീയേറ്ററിലെത്തും. നവംബര്‍ 12ന് കുറുപ്പ് റിലീസ് ചെയ്യുന്നത് ആഘോഷമാക്കും. അന്യഭാഷാ ചിത്രങ്ങളാകും ആദ്യ ദിവസങ്ങളില്‍ റിലീസ് ചെയ്യുക. നവംബര്‍ നാലിന് എത്തുന്ന രജനികാന്ത് ചിത്രമായ 'അണ്ണാത്തെ'യാണ് ഈ നിരയിലെ ബിഗ് റിലീസ്. സ്റ്റാര്‍, കാവല്‍, കുഞ്ഞെല്‍ദോ, അജഗജാന്തരം, ഭൂതകാലം തുടങ്ങിയ ചിത്രങ്ങളും ആദ്യദിവസങ്ങളില്‍ റിലീസായേക്കും. കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടിച്ചിട്ടിരുന്ന തീയേറ്ററുകള്‍ ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ്. 50 ശതമാനം ആളുകളെ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാണ് അനുമതി. തിയേറ്ററുകളില്‍ പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം.