ആന്റണി അയഞ്ഞു, മരയ്ക്കാര്‍ ആദ്യം തിയേറ്ററിലേക്ക് പിന്നെ ഒടിടി
വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനം. ഡിസംബര്‍ 2ന് മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാനാണ് വ്യക്തമാക്കിയത്. ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാനായി പ്രത്യേകം ഉപാധികളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. റിലീസിന് മുന്‍പ് തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി കൂട്ടും. മിനിമം ഗാരണ്ടി വേണമെന്ന നിബന്ധന നിര്‍മ്മാതാവ് വേണ്ടെന്ന് വച്ചെന്നും മന്ത്രി പറഞ്ഞു.
മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ മുന്നോട്ട് വച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് തീയേറ്ററര്‍ ഉടമകള്‍ നിലപാടെടുത്തതോടെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ വരെ നടന്ന ചര്‍ച്ചകളുടെ അവസാനമാണ് ചിത്രം തീയേറ്ററില്‍ തന്നെ ആദ്യം ഓടിക്കാന്‍ തീരുമാനമായത് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. അതേസമസയം തിയേറ്റര്‍ റിലീസിനു ശേഷം ചിത്രം ഒ.ടി.ടിയില്‍ പുറത്തിറങ്ങും. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമടക്കം 3 ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രമാണ് മരയ്ക്കാര്‍. ഈ ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുന്നതില്‍ സിനിമാപ്രേമികള്‍ വിയോജിപ്പ് അറിയിച്ചിരുന്നു.