അഭിനയചക്രവര്‍ത്തിക്ക് എഴുപതാം പിറന്നാള്‍ ആശംസകളുമായി മലയാളികള്‍
മലയാളിയുടെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കിന്ന് എഴുപതാം പിറന്നാള്‍. മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി 'മഹാനടന്‍' എന്ന ഖ്യാതി നേടിയെടുത്ത മമ്മൂട്ടി
വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ സിനിമയില്‍ ചെയ്തു. 1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്റ് ആല്‍ബര്‍ട്ട് സ്‌കൂള്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുളള വിവാഹം.
1971 ഓഗസ്റ്റ് ആറിന്, 'അനുഭവങ്ങള്‍ പാളിച്ചകളെന്ന' സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തില്‍ പാളിച്ചകളില്ലാതെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയെന്ന മമ്മൂക്കയെ ആശംസകള്‍ കൊണ്ട് മൂടുകയാണ് ഇന്ന് ആരാധകര്‍.