Latest Updates

സമൂഹ മാധ്യമങ്ങളില്‍ പ്രമുഖര്‍ മരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ഇത് ആദ്യമായല്ല. മുതിര്‍ന്ന നടി കുളപ്പുള്ളി ലീലയാണ് അതിന്‍റെ അവസാനത്തെ ഇര. ഒരു യുട്യൂബ് ചാനലില്‍ ഇന്നലെ വൈകിട്ടാണ് തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയിലോടെ കുളപ്പുള്ളി ലീലയെക്കുറിച്ച് വ്യാജവാര്‍ത്ത വന്നത്. വളരെ വേ​ഗം ഇതിന് കാണികളെ ലഭിക്കുകയും ചെയ്‍തു.

ഈ വീഡിയോ വൈകിട്ട് ആറ് മണിയോടെയാണ് തന്‍റെ ശ്രദ്ധയില്‍ പെട്ടതെന്നും പിന്നീടങ്ങോട്ട് ഫോണ്‍ കോളുകളുടെ പ്രളയമായിരുന്നുവെന്നും കുളപ്പുള്ളി ലീല പറയുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യരെ കൊന്ന് പണമുണ്ടാക്കരുതെന്നും അവര്‍ പറയുന്നു. ഒരാളുടെ പേരിലും ഇങ്ങനെയുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. നിങ്ങള്‍ക്കുമൊക്കെയില്ലേ അച്ഛനും അമ്മയും ആള്‍ക്കാരുമൊക്കെ? ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഈ യുട്യൂബ് വാര്‍ത്ത ഒരു പരിചയക്കാരന്‍ എനിക്ക് അയച്ചു തന്നത്.

നിരവധി പരിചയക്കാരും ബന്ധുക്കളുമാണ് തന്നെ ഇന്നലെ മുതല്‍ വിളിച്ചു ചോദിക്കുന്നത്. യുട്യൂബ് ചാനല്‍ പലര്‍ക്കുമുണ്ട്. അതിലെ ലൈക്കും ഷെയറും വച്ചാണ് പണം വരുന്നതെന്നൊക്കെ എനിക്കറിയാം. എന്തിനാണ് ജീവിച്ചിരിക്കുന്ന മനുഷ്യനെ കൊന്ന് പണമുണ്ടാക്കുന്നത്? വേറെ എന്തെല്ലാം തരത്തില്‍ പണമുണ്ടാക്കാം മക്കളേ? ഒരു ആര്‍ട്ടിസ്റ്റിന്‍റെ ഗതികേടാണ് ഞാന്‍ ആലോചിക്കുന്നത്.

എന്നെക്കുറിച്ചുള്ള വാര്‍ത്ത അര മണിക്കൂര്‍ കൊണ്ട് 30,000 പേരാണ് കണ്ടത്. പിന്നെ നിങ്ങള്‍ ഒരു ഉപകാരം ചെയ്‍തു. എന്റെ മരണ വാര്‍ത്ത എനിക്കു തന്നെ മറ്റുള്ളവര്‍ക്ക് ഇട്ടുകൊടുക്കാന്‍ പറ്റി, കുളപ്പുള്ളി ലീല പറയുന്നു.

Get Newsletter

Advertisement

PREVIOUS Choice