Latest Updates

അസാധാരണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന സ്ത്രീയായിരുന്നു കെപിഎസി ലളിത. മറ്റൊരു നടിയുമായുള്ള വിവാദപ്രണയത്തിനൊടുവിലാണ് സംവിധായകന്‍ ഭരതന്‍ ലളിതയെ വിവാഹം കഴിച്ചത്. അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും നിറഞ്ഞ ജീവിതത്തില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഇരുവര്‍ക്കുമുണ്ടായി. ധൂര്‍ത്ത് ജീവിതവും ഉത്തരവാദിത്തമില്ലായ്മയും കൊണ്ടെത്തിച്ച വന്‍കടത്തിനിടയിലാണ് ഭരതന്‍ മരണപ്പെടുന്നത്. ഭര്‍ത്താവ് വരുത്തിവച്ച സാമ്പത്തികബാധ്യത ലളിതയുടെ ചുമലില്‍ ഒതുങ്ങുന്നതായിരുന്നില്ല. കടം വീട്ടാനായി ചെന്നൈയിലെ സ്വപ്‌നഭവനം വൈശാലി വില്‍ക്കേണ്ടി വന്നു. വടക്കാഞ്ചേരിയിലെ ഓര്‍മ എന്ന വീട് നിലനിര്‍ത്താനും മകളുടെ വിവാഹം നടത്താനും ലളിത സഹായമഭ്യര്‍ത്ഥിക്കാത്ത വഴികളില്ലായിരുന്നു. 

ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ വീണ്ടും അഭിനയരംഗത്ത് സജീവമായി .മലയാളചലച്ചിത്രരംഗത്തെ പ്രഗത്ഭര്‍ പലരും സഹായവുമായി കൂടെ നിന്നപ്പോള്‍ ഫോണ്‍ പോലും എടുക്കാതെ മറ്റ് ചിലര്‍ ഒഴിഞ്ഞുമാറിയ കഥയും ലളിത പറയുമായിരുന്നു. നടന്‍ സുരേഷ് ഗോപിയും ദിലീപും സംവിധായകനും നടനുമായ ലാലും മറ്റും ചെയ്തുതന്ന സഹായങ്ങള്‍ പല അഭിമുഖങ്ങളിലും അവര്‍ എടുത്തുപറയുകയും ചെയ്തിരുന്നു. പിന്നീട് മകന്‍ സിദ്ധാര്‍ദ്ധിന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും കെപിഎസി ലളിതയ്ക്ക് വലിയ മാനസിപ്രശ്‌നമുണ്ടാക്കി. ആ പ്രശ്‌നങ്ങളില്‍ നിന്ന് ഒരുവിധം കര കയറി വന്നപ്പോഴായിരുന്നു കരള്‍ രോഗം ബാധിച്ച് അവരുടെ ആരോഗ്യസ്ഥിതി മോശമാകുന്നത്. 

തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നടി  സുകുമാരിയെപ്പോലെ കെപിഎസി ലളിതയും പരീക്ഷിക്കാത്ത  വേഷങ്ങളില്ലായിരുന്നു. ഏത് വേഷവും തനിക്ക് മാത്രം വഴങ്ങുന്ന അഭിനയ ചാരുതയോടെ കൈകാര്യം ചെയ്യാന്‍ കെപിഎസി യുടെ  നാടകകളരിയിലൂടെ വന്ന ലളിതയ്ക്ക് അനായാസം കഴിഞ്ഞു. കെപിഎസി ലളിതയുടെ  എക്കാലത്തെയും  അനശ്വരകഥാപാത്രമായിരുന്നു മതിലുകളിലെ 'നാരായണി'. അഭിനയത്തേക്കാള്‍ ഉപരി ശബ്ദമായിരുന്നു നാരായണിയുടെ കയ്യൊപ്പ്. പിന്നീട് നടി ശാരദയ്ക്ക് ഹിറ്റായ പല ചിത്രങ്ങളിലുംു ലളിത ശബ്ദം നല്‍കി. ഭരതന്റെ സംവിധാനം ചെയ്ത 'പറങ്കിമല'. സിനിമയില്‍ നായിക കഥാപാത്രമായ തങ്കത്തിനായും ഭരതന്‍ കെപിഎസിസി ലളിതയുടെ ശബ്ദം തെരഞ്ഞെടുത്തു. 

Get Newsletter

Advertisement

PREVIOUS Choice