അവന്റെ പേര് 'ജെ' എന്നല്ല രണ്ടാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി കരീന
ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാന്റേയും കരീന കപൂറിന്റേയും രണ്ടാമത്തെ മകനും വാര്‍ത്തകളിലിടം നേടിയിരുന്നു. എന്നാല്‍ ജനിച്ച് ആറുമാസം കഴിഞ്ഞിട്ടും കുഞ്ഞിന്റെ ഫോട്ടോയോ മറ്റ് വിശദാംശങ്ങളോ ദമ്പതികള്‍ പുറത്തു വിട്ടിരുന്നില്ല. കുഞ്ഞിന്റെ പേര് 'ജെ' (Jeh) എന്നാണെന്ന് കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ ജൂലൈയില്‍ പറഞ്ഞതു മാത്രമായിരുന്നു കുഞ്ഞിനെ കുറിച്ച് ആരാധകര്‍ക്ക് ലഭിച്ചിരുന്ന ആകെ വിവരം. എന്നാല്‍ കുട്ടിയുടെ പേര് ജെ എന്നല്ലെന്നും ജഹാംഗീര്‍ എന്നാണെന്നും കരീന ഈയിടെ എഴുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു.
തന്റെ ഗര്‍ഭകാല അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പ്രഗ്നന്‍സി ബൈബിള്‍ എന്ന പുസ്തകത്തില്‍ കരീനയുടെ കുടുംബ ചിത്രം പങ്കുവച്ചിട്ടുണ്ട്. അതിലെ കുറിപ്പില്‍ രണ്ടാമത്തെ കുട്ടിയുടെ പേരിന്റെ സ്ഥാനത്ത് ജഹാംഗീര്‍ എന്നാണ് കുറിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുസ്തകത്തിലുടനീളം കുഞ്ഞിനെ 'ജെ' എന്ന് പരാമര്‍ശിച്ചിരിക്കുന്ന കരീന ഏറ്റവും ഒടുവിലാണ് പേര് ജഹാംഗീര്‍ എന്ന് പറയുന്നത്.
മുഗള്‍ വംശത്തിലെ ചക്രവര്‍ത്തിയായ ജഹാംഗീറിന്റെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ കരീന കുഞ്ഞിന് പേരിട്ടതെന്ന് വ്യക്തമല്ല. ഫെബ്രുവരി 21നാണ് 40കാരിയായ കരീന രണ്ടാമത്തെ മകന് ജന്മം നല്‍കിയത്. 2016ല്‍ ജനിച്ച ആദ്യ മകന്‍ തൈമൂറിന്റെ പേരിനെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടാമത്തെ മകനെ കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവിടാതെ ഇരിക്കുകയായിരുന്നു താരദമ്പതികള്‍.