നടൻ ഹൃഷികേശ് പാണ്ഡേയെ ബസിൽ കൊള്ളയടിച്ചു
സീരിയൽ നടൻ ഹൃഷികേശ് പാണ്ഡേയെ ബസിൽ വെച്ച് കൊള്ളയടിച്ച് അജ്ഞാതർ. അദ്ദേഹത്തിന്റെ പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടാക്കൾ അപഹരിച്ചു. സി.ഐ.ഡി എന്ന പരമ്പരയിലെ സച്ചിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ നടനാണ് ഹൃഷികേശ് പാണ്ഡേ. ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് മുംബൈയിലായിരുന്നു സംഭവം.
മുംബൈയിലെ പ്രശസ്തമായ എലഫന്റാ കേവ് സൈറ്റ് സീയിങ് ബസിൽ വെച്ചാണ് കവർച്ച നടന്നത്. രാവിലെ ആറരയ്ക്ക് കോലാബയിൽ നിന്നാണ് ബസെടുത്തതെന്ന് താരം പറഞ്ഞു. "അതൊരു എ.സി ബസായിരുന്നു. വാഹനത്തിൽ കയറിയശേഷം ബാഗ് നോക്കിയെങ്കിലും അതിലുണ്ടായിരുന്ന പണവും ആധാർ കാർഡും പാൻ കാർഡും കാർ രേഖകളുമെല്ലാം നഷ്ടപ്പെട്ടിരുന്നു. ഉടൻതന്നെ കോലാബ പോലീസ് സ്റ്റേഷനിലും മാലഡ് പോലീസ് സ്റ്റേഷനിലും പരാതി നൽകി". അദ്ദേഹം പറഞ്ഞു.
സിഐഡിയിൽ പോലീസ് ഓഫീസറായി അഭിനയിക്കുന്നതിന്റെയും യഥാർത്ഥ ജീവിതത്തിൽ കൊള്ളയടിക്കപ്പെടുന്നതിന്റെയും വിരോധാഭാസത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. “ഞാൻ ഒരു സിഐഡി ഇൻസ്‌പെക്ടറായി അഭിനയിച്ചതിനാൽ, ഷോയിൽ ആളുകൾ എങ്ങനെ കേസുകളുമായി ഞങ്ങളുടെ അടുത്ത് വരുന്നുവെന്നതും ഞങ്ങൾ അവ പരിഹരിക്കുന്നതും ഒരു തമാശയായി മാറി. യഥാർഥ ജീവിതത്തിൽ പോലും ആളുകൾ പ്രശ്‌നങ്ങളുമായി എന്റെ അടുത്ത് വരാറുണ്ടായിരുന്നു, അവ പരിഹരിക്കാൻ ഞാൻ സഹായിക്കാറുമുണ്ടായിരുന്നു. ഇപ്പോൾ ഞാൻ കൊള്ളയടിക്കപ്പെട്ടു! പോലീസ് ഡിപ്പാർട്ട്‌മെന്റ് ഈ കേസ് തകർക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൃഷികേശ് കൂട്ടിച്ചേർത്തു.