ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ റീമേക്കില്‍ നിമിഷയ്ക്ക് പകരം സന്യ മല്‍ഹോത്ര
ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ മലയാളച്ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. ഒപ്പം നിരൂപകപ്രശംസയും ഈ ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോള്‍ ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിനാലാണ്. നിമിഷ സജയന്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രം ആര് അവതരിപ്പിക്കുമെന്ന ആകാംക്ഷയിലായിരുന്നു എല്ലാവരും. ആ കാത്തിരിപ്പിന് അറുതിയായിരിക്കുന്നു. സന്യ മല്‍ഹോത്രയാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്
''ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഹിന്ദി റീമേക്കിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷവും ആവേശവും. കാത്തിരിക്കാന്‍ വയ്യ,'' എന്ന് സന്യ മല്‍ഹോത്ര ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയായിരുന്നു. ആരതി കഡവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹര്‍മന്‍ ബവേജയാണ് ചിത്രം നിര്‍മ്മിച്ചത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്കും നിര്‍മ്മാണത്തിലാണ്. ഐശ്വര്യ രാജേഷും രാഹുല്‍ രവീന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് ആര്‍ കണ്ണനാണ്.
വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വച്ചെങ്കിലും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നേടിയത്. 2021 ല്‍ ഓടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.