പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനമെന്ന് ബി ഗോപാലകൃഷ്ണന്‍ ഗോപാലകൃഷ്ണന്‍ ആര്‍ക്കാണ് അഭിമാനമാകുന്നത്
ഭരണഘടന ഉറപ്പാക്കുന്ന അഭിപ്രായസ്വാതന്ത്ര്യം നടന്‍ പൃഥ്വിരാജിനുമുണ്ട്. ഏത് വിഷയത്തിലും അദ്ദേഹത്തിന്റെ യുക്തിക്കും ബുദ്ധിക്കും യോജിക്കുന്ന അഭിപ്രായം പറയാം. പക്ഷേ ലക്ഷദ്വീപ് പ്രശ്‌നത്തില്‍ പൃഥ്വിരാജ് പറഞ്ഞ അഭിപ്രായം ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ലക്ഷദ്വീപിലെ ബിജെപിയെ അല്ല ഇവിടെ കേരളത്തിലെ ബിജെപിയ്ക്കാണ് ആ പ്രസ്താവന ദഹിക്കാത്തത്. ദ്വീപ് നിവാസികളുടെ സ്വസ്ഥജീവിതം ഇല്ലാതാക്കി ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യമാണ് നടക്കുന്നതെന്ന പരാതി ഉന്നയിക്കുന്നത് ദ്വീപ് നിവാസികള്‍ തന്നെയാണ്. അത് ശരിയാണെന്ന് അവിടത്തെ ബിജെപി ഘടകവും വ്യക്തമാക്കുന്നു. എന്നിട്ടും പൃഥ്വിരാജ് വാസ്തവത്തിന് നിരക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്നാണ് ബിജെപിയുടെ നിലപാട്.
പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനമാണെന്ന പ്രസ്താവനയാണ് ബിജെപി വക്താവ് കൂടിയായ ബി ഗോപാലകൃഷ്ണന്‍ നടത്തിയത്. അച്ഛന്റെ ഗുണങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ താങ്കളുടെ പോസ്റ്റിനെ പുനര്‍വിചിന്തനം ചെയ്യണമെന്നും ഗോപാലകൃഷ്ണന്‍ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടു. സൗമ്യയെക്കുറിച്ചോ ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ചോ ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിക്ക് എന്തായിരുന്നു ലക്ഷദ്വീപിന്റെ കാര്യത്തില്‍ ഇത്രയും വ്യഗ്രതയെന്നാണ് ബിജെപി വക്താവ് ചോദിക്കുന്നത്. ലക്ഷദ്വീപിനെ തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിപ്പിച്ച് അന്താരഷ്ട്രനിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമാക്കുന്നതിന് മുന്നോടിയായുള്ള നടപടികളാണ് അവിടെ നടക്കുന്നതെന്നാണ് ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിലെ ബിജെപി പട്ടേലിനായി എന്തിനാണ് ഇത്രയേറെ ന്യായീകരണങ്ങള്‍ നടത്തുന്നതെന്ന് അറിയില്ല. ദ്വീപിലെ ബിജെപിഘടകത്തില്‍ നിന്ന് പട്ടേലിനോടുള്ള പ്രതിഷേധസൂചകമായി അംഗങ്ങള്‍ പാര്‍ട്ടി വിട്ടുപോകുന്ന റിപ്പോര്‍്ട്ടുകളാണ് പുറത്തുവരുന്നത്. ലക്ഷദ്വീപ് തീവ്രവാദികളുടെ കേന്ദ്രമാണെങ്കില്‍ അതിനുള്ള തെളിവുകള്‍ കൃത്യമായി നല്‍കാന്‍ അമിത് ഷാ നയിക്കുന്ന കേന്ദ്രആഭ്യന്തരവകുപ്പിന് കഴിയണം. അക്കാര്യങ്ങളെല്ലാം വിശദമാക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ഷാ എന്തിനാണ് മടിക്കുന്നത്.
ഇനി, ബി ഗോപാലകൃഷ്ണന്‍, തനിക്ക് ഉചിതമായ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പൃഥ്വിരാജ് സ്വന്തം അച്ഛന് അപമാനമാണെന്ന് പറയുന്ന ഇദ്ദേഹത്തിന്റെ നാളിതുവരെയുള്ള പ്രസ്താവനകള്‍ നോക്കിയാല്‍ അതൊക്കെ ആര്‍ക്കാണ് അഭിമാനമാകുന്നതെന്ന് കൂടി പറയണം. അഭിപ്രായമുള്ളവര്‍ പറയട്ടെ, ഉത്തരവാദിത്തപ്പെട്ടവര്‍ സത്യം തെളിയിക്കട്ടെ, അങ്ങനെയൊക്കെ ചില മര്യാദകള്‍ ജനാധിപത്യവ്യവസ്ഥയിലുണ്ടെന്ന് അഭിഭാഷകന്‍ കൂടിയായ ബി ഗോപാലകൃഷ്ണന്‍ മറക്കാതിരിക്കുക.