Latest Updates

 യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ച സന്തോഷത്തില്‍ തെന്നിന്ത്യന്‍ താര ദമ്പതികളായ ഫഹദ് ഫാസിലും  നസ്രിയ നസീമും. ഇരുവരും ഇസിഎച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ദുബായ് നല്‍കിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും താര ദമ്പതികള്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

ദുബായിയിലെ ഏറ്റവും പ്രശസ്തമായ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ആണ് ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും ഗോള്‍ഡന്‍ വീസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് യുഎഇ നല്‍കി വരുന്ന ആദരമാണ് 2018മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗോള്‍ഡന്‍ വിസ. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. 

മലയാള സിനിമാ മേഖലയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

Get Newsletter

Advertisement

PREVIOUS Choice