നെറ്റ്ഫ്‌ലിക്സിലെ മികച്ച ഇംഗ്ലീഷ് ഇതര ചിത്രമായി 'ഗംഗുഭായ് കത്യവാഡി'
ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 'ഗംഗുഭായ് കത്യവാഡി'. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഫെബ്രുവരി 25നാണ് 'ഗംഗുഭായ്' തിയേറ്ററുകളിലെത്തിയത്. ചിത്രം ഒടിടിയിലും റിലീസിനെത്തിയിരുന്നു.
ഏപ്രില്‍ 26നാണ് നെറ്റ്ഫ്‌ലിക്സിലൂടെ സിനിമ ഒടിടി പ്ലാറ്റ്ഫോമിലെത്തിയത്. ഇപ്പോഴിതാ നെറ്റ്ഫ്‌ലിക്സിലെ മികച്ച ഇംഗ്ലീഷ് ഇതര ചിത്രമായി മാറിയിരിക്കുകയാണ് 'ഗംഗുഭായ് കത്യവാഡി'. ഇതില്‍ അതിയായ സന്തോഷത്തിലാണ് ആലിയ ഭട്ട്. ഇന്ത്യയ്ക്കകത്ത് നിന്നും പുറത്തുനിന്നുമായി നെറ്റ്ഫ്‌ലിക്സിലൂടെ പുതിയ പ്രേക്ഷകരെ കണ്ടെത്തുന്നത് എങ്ങനെയെന്നത് അതിശയകരമാണെന്നാണ് ആലിയയുടെ പ്രതികരണം.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സന്തോഷം പ്രകടിപ്പിച്ച് ആലിയ രംഗത്തെത്തിയത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും ഗംഗുഭായിക്ക് ലഭിക്കുന്ന മികച്ച പ്രതികരണം എന്നെ നിശബ്ദയാക്കുന്നു. സഞ്ജയ് ലീല ബന്‍സാലിയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലും സിനിമയ്ക്ക് നെറ്റ്ഫ്‌ലിക്സില്‍ സ്വന്തമായൊരിടം കണ്ടെത്താന്‍ കഴിഞ്ഞതിലും, അതിന് ലഭിച്ച മികച്ച പ്രതികരണവും എന്നില്‍ നന്ദി നിറയ്ക്കുന്നു' - ആലിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
സ്ട്രീമിംഗ് സേവനങ്ങള്‍, പ്രത്യേകിച്ച് നെറ്റ്ഫ്‌ലിക്സ്, അതിര്‍ത്തികളുടെയും ഭാഷകളുടെയും തടസങ്ങള്‍ തകര്‍ത്ത് എല്ലാ ദിവസവും പുതിയ പ്രേക്ഷകരെ കണ്ടെത്തുന്നു. നെറ്റ്ഫ്‌ലിക്സില്‍ ആഗോളതലത്തില്‍ ഇംഗ്ലീഷ് ഇതര സിനിമകളില്‍ ഓസ്ട്രിയ, കാനഡ തുടങ്ങി 25 രാജ്യങ്ങളിലെ ടോപ് പത്തില്‍ ഒന്നാമതാണ് 'ഗംഗുഭായ് കത്യവാഡി'. ഈ നേട്ടത്തില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. 'എന്റെ ഹൃദയത്തോടടുത്ത് നില്‍ക്കുന്ന സവിശേഷ ചിത്രമാണ് ഗംഗുഭായ് കത്യവാഡി. തിയേറ്ററുകളില്‍ റിലീസ് ചെയ്തപ്പോഴും ഗംഗുഭായിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു. ഇപ്പോള്‍ നെറ്റ്ഫ്‌ലിക്സിലെത്തിയപ്പോഴും പുതിയ പ്രേക്ഷകരെ ലഭിച്ചിരിക്കുകയാണ്' -സഞ്ജയ് ലീല ബന്‍സാലി പറഞ്ഞു.