Latest Updates

വിവാദസിനിമ ദി കശ്മീര്‍ ഫയല്‍സ്  സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ ഫണ്ട് നല്‍കുമെന്ന് കര്‍ണാടക വിജയപുര ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍.  തന്റെ ജില്ലയായ വിജയപുരയില്‍  ഒരാഴ്ചത്തേക്ക് ദിവസവും ഒരു ഷോ സൗജന്യമായി പൊതുജനങ്ങള്‍ക്ക് കാണാനാണ് എംഎല്‍എ ഫണ്ട് നല്‍കുന്നത്. 

കൂടുതല്‍ ആളുകള്‍ ഇത് സൗജന്യമായി കാണണമെന്ന് ആഗ്രഹിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സില്‍ അനുപം ഖേറും മിഥുന്‍ ചക്രവര്‍ത്തിയും അഭിനയിക്കുന്നു. 


1990-ല്‍ കാശ്മീര്‍ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ക്രൂരമായ യാതനകളുടെ യഥാര്‍ത്ഥ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയുന്നത്.  കശ്മീര്‍ വംശഹത്യയുടെ ഇരകളായ ആദ്യ തലമുറയുടെ വീഡിയോ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ. താഴ്വരയില്‍ കലാപം ആരംഭിച്ച കാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ഈ ചിത്രത്തില്‍ ധാരാളമുണ്ട്. 

കശ്മീരി പണ്ഡിറ്റുകളോടും ഹിന്ദുക്കളോടും നടത്തിയ രക്തം മരവിപ്പിക്കുന്ന അതിക്രമങ്ങളാണ് കശ്മീര്‍ ഫയലുകള്‍ കാണിക്കുന്നതെന്ന് പാട്ടീല്‍ യത്നാല്‍ പറഞ്ഞു, വരും വര്‍ഷങ്ങളില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിനിമയെ അഭിനന്ദിക്കുകയും വിവേക് അഗ്‌നിഹോത്രിയെ കാണുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയ യത്നാല്‍, മഹാരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ കര്‍ണാടക ജില്ല ആസ്ഥാന നഗരമായ വിജയപുരയില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ആളുകള്‍ ആവശ്യപ്പെട്ടതായി പറഞ്ഞു. 

തിയേറ്റര്‍ ഉടമയോട് ഒരാഴ്ചത്തേക്ക് ഒരു ഷോയെങ്കിലും സൗജന്യമായി കാണിക്കണമെന്നും അതിനുള്ള തുക നല്‍കാമെന്നും പറഞ്ഞിട്ടുണ്ടെന്നും  യത്‌നാല്‍ പറഞ്ഞു. 'എന്റെ ജില്ലയിലെ ജനങ്ങള്‍ ഇത് കാണണം. നമ്മുടെ വരും തലമുറയ്ക്ക് ഇതൊരു പാഠമാണ്, അതിനാല്‍ അവര്‍ കശ്മീരില്‍  നടന്ന സംഭവങ്ങള്‍ മറക്കരുത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Get Newsletter

Advertisement

PREVIOUS Choice