തീയേറ്റര്‍ കരാര്‍ ലംഘനം: ദുല്‍ഖറിനെ ബഹിഷ്കരിച്ച് ഫിയോക്ക്
തീയേറ്ററുകളുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതിന് ദുല്‍ഖറിനെതിരെ ശക്തമായ പ്രതിഷേധം. ദുല്‍ഖറുമായി സഹകരണമില്ലെന്ന് പ്രഖ്യാപിച്ച് ഫിയോക്ക്. മലയാളം മാത്രമല്ല ദുല്‍ഖര്‍ അഭിനയിക്കുന്ന എല്ലാ ഭാഷകളിലുമുള്ള സിനിമകളുമായും നിര്‍മ്മാണ കമ്പനിയായ വേഫറെര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുമായും ഇനി ഒരു സഹകരണവും ഉണ്ടാകില്ലെന്ന് എന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാറാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് മറ്റു താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയകുമാര്‍ ദുല്‍ഖറിനെതിരെയുള്ള പ്രതിഷേദം വ്യക്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്' ജനുവരി 14ന് കേരളത്തില്‍ തിയേറ്റര്‍ റിലീസ് ആയി പ്ലാന്‍ ചെയ്ത ചിത്രമാണെന്നും പല തിയേറ്ററുകാരും അതിന്റെ ഓണ്‍ലൈന്‍ ബുക്കിങ് വരെ എടുത്തിരുന്നതാണെന്നും വിജയകുമാര്‍ പറഞ്ഞു.
എന്നാല്‍ ഓമിക്രോണ്‍ വ്യാപകമായതോടെ റിലീസ് മാറ്റിവച്ചു്. ഇപ്പോള് കോവിഡ് 19 ഭീഷണി കുറഞ്ഞ് തിയേറ്ററുകളെല്ലാം നൂറു ശതമാനം കപ്പാസിറ്റിയിലേക്ക് മാറി. കളക്ഷനുകള്‍ എല്ലാം സാധാരണ രീതിയിലായി. ഇപ്പോള്‍ ചിത്രങ്ങളുടെ അഭാവം മൂലം തിയേറ്ററുകള്‍ കഷ്ടപ്പെടുന്ന ഒരു സമയമാണ് ഇത്. വളരെ ഗുരുതരമായ ഒരു പ്രതിസന്ധി കഴിഞ്ഞിട്ടാണ് കേരളത്തിലെ തിയേറ്ററുകളെല്ലാം പ്രവര്‍ത്തന സജ്ജമായതെന്നും വിജയകുമാര്‍ ചൂണ്ടിക്കാട്ടി.
ഇത്തരത്തിലൊരു ഘട്ടത്തില്‍ തിയേറ്ററുകാര്‍ വളര്‍ത്തിയ താരങ്ങള്‍ തന്നെ തിയേറ്ററുകള്‍ക്കെതിരെ ആഞ്ഞു കുത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കണമെന്ന് തന്നെയാണ് ഫിയോക്ക് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.