ഇത് ഗൂഢാലോചനക്കേസ്; ശക്തമായ ആരോപണങ്ങളുമായി ദിലീപ് കോടതിയിൽ
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു.
കേസന്വേഷിക്കുന്നത് ഞാന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിക്കുന്ന ബൈജു പൗലോസ് ആണ്. ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ ബൈജു പൗലോസിനെ അപകടപ്പെടുത്തുമെന്ന പരാമര്‍ശമില്ല. ബാലചന്ദ്രകുമാര്‍ പറയുന്നതു കേട്ട് എഫ്ഐര്‍ രജിസ്റ്റര്‍ ചെയ്യാനുമാവില്ല. നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ അന്വേഷണം സംഘം കെട്ടിച്ചമച്ചതാണ് ഈ ഗൂഢാലോചന കേസ്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയിലില്ലാത്ത പല കാര്യങ്ങളും എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പോലീസുകാരുടെ പേരും എഫ്ഐആറില്‍ കൂട്ടിച്ചേര്‍ത്തു. ബാലചന്ദ്രകുമാറിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
അനിയനും അളിയനും ഒപ്പം വീട്ടില്‍ ഇരുന്നു പറയുന്നത് എങ്ങനെ ഗൂഢാലോചനയാകും എന്നാണ് ദിലീപ് കോടതിയില്‍ ചോദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടന്നിട്ടില്ലെന്ന് പ്രതിഭാഗം വ്യക്തമാക്കി.ഏത് ഡിവൈസിലാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തതെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നില്ല.
ദിലീപിന്റെ വീട്ടിലെ സംഭാഷണം റെക്കോഡ് ചെയ്ത ടാബ് കേടായെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. പിന്നീട് സൂക്ഷിച്ചത് ലാപ്ടോപ്പിലാണെന്ന് പറയുന്നു. ഈ ലാപ്ടോപ്പ് എവിടെ പോയി. കോടതിക്ക് മുന്നില്‍ ഹാജരാക്കിയത് ഒരു പെന്‍ഡ്രൈവ് മാത്രമാണ്. മറ്റൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ല. ഇതിനിടയില്‍ ഡിവൈസില്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കും.
ഒരു ദിവസം 24 തവണ റെക്കോഡ് ചെയ്തു എന്നാണ് പറയുന്നത്. ഇത്രയും ആളുകളുടെ ഒപ്പമിരിക്കുമ്ബോള് അത് എങ്ങനെ സാധിക്കുമെന്നും പ്രതിഭാഗം ചോദിച്ചു. സംഭാഷണം മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെങ്കില്‍ കേസിന് ഉപയോഗിക്കാനായി എഡിറ്റ് ചെയ്തിട്ടുണ്ടാകുമെന്നും ദിലീപ് പറഞ്ഞു. പള്‍സര്‍ സുനിയെ ബന്ധപ്പെടുത്തി പറയുന്നത് കെട്ടിച്ചമച്ച കഥയാണെന്നും പ്രതിഭാഗം വ്യക്തമാക്കി.
ഗൂഢാലോചന നടന്നത് എഡിജിപിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇടയിലാണ്. അതാണ് ഗൂഢാലോചന. ബൈജു പൗലോസ് വിചാരണ മുഴുവന്‍ കണ്ട്, കേസിന്റെ വീഴ്ച എന്താണെന്ന് മനസിലാക്കി. നടിയെ ആക്രമിച്ച കേസില്‍ അതനുസരിച്ച് തെളിവുണ്ടാക്കാനാണ് ശ്രമമെന്നും തന്നെ കസ്റ്റഡിയില്‍ വേണമെന്ന് പറയുന്നതില്‍ രഹസ്യ അജണ്ടയുണ്ടെന്നും ദിലീപ് വ്യക്തമാക്കി.