'ഇതെന്താ പെട്ടിക്കടയോ', അലി അക്ബര്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് നേരെ ട്രോള്‍ മഴ
മലബാര്‍ കലാപം പ്രമേയമാക്കി ഒരുക്കുന്ന '1921 പുഴ മുതല്‍ പുഴ വരെ' സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് നേരെ ട്രോള്‍വര്‍ഷം. വയനാട്ടില്‍ നടന്ന ഷൂട്ടിങിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സംവിധായകന്‍ അലി അക്ബര്‍ പങ്കുവച്ചിരുന്നു. ഇതില്‍ ഏറ്റുമുട്ടല്‍ രംഗത്തില്‍ ഉപയോഗിക്കാന്‍ സിനിമയ്ക്കായി നിര്‍മിച്ച 'യുദ്ധടാങ്കറാണ്' ട്രോള്‍ പേജുകളില്‍ നിറയുന്നത്. 'ഇതെന്താ പെട്ടിക്കടയോ', 'യുദ്ധത്തിനും ഒരു പരിധിയില്ലേ' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായും ചിത്രം റിലീസിനു തയാറെടുക്കുകയാണെന്നും അലി അക്ബര്‍ പറയുന്നു. 'ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയ മുഹൂര്‍ത്തങ്ങള്‍... പുഴമുതല്‍ പുഴവരെ. കേവലം മൂന്നോ നാലോ ദിവസം കൊണ്ട്...ഒരു സീന്‍ പ്ലാന്‍ ചെയ്തു,വയനാട്ടിലെ നായ്ക്കട്ടിയിലെ ഒരു ഗ്രാമവും അച്ചുവേട്ടനും കുടുംബാംഗങ്ങളും മമധര്‍മ്മയ്‌ക്കൊപ്പം ചേര്‍ന്നപ്പോള്‍, പ്രകൃതിയും ഒപ്പം നിന്നും....നന്ദി ഏവര്‍ക്കും.'-സംവിധായകന്‍ പറഞ്ഞു. പൊതു ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴമുതല്‍ പുഴവരെ. ഒരുകോടിയിലധികം രൂപ സിനിമ നിര്‍മിക്കാനായി മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി അലി അക്ബര്‍ അറിയിച്ചിരുന്നു. സിനിമയ്ക്കായി അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ.