അവര്‍ മൂന്ന് പേരായിരുന്നു എനിക്ക് പ്രിയപ്പെട്ടവര്‍ സുഹാസിനി
പേരിനെ അന്വര്‍ത്ഥമാക്കുന്ന ചിരികൊണ്ട് തെന്നിന്ത്യയുടെ പ്രിയംകരിയായ നടിയാണ് സുഹാസിനി. സിനിമയില്‍ ആരൊക്കെയായിരുന്നു തന്റെ പ്രിയപ്പെട്ട ആണ്‍സുഹൃത്തുക്കള്‍ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടിയിപ്പോള്‍. പിയന്‍, ഡെന്നിസ് ജോസഫ്, ദിനേശ് ബാബു എന്നിവരായിരുന്നു എന്റെ ഇരുപതുകളിലെ കൂട്ടുകാര്‍ എന്ന് പറഞ്ഞാണ് സുഹാസിനി തന്റെ കുറിപ്പ് തുടങ്ങുന്നത്. പൂര്‍ണരൂപം ഇങ്ങനെ- ''പ്രിയന്‍, ഡെന്നിസ് ജോസഫ്, ദിനേശ് ബാബു എന്നിവരായിരുന്നു എന്റെ ഇരുപതുകളിലെ കൂട്ടുകാര്‍. ഞങ്ങള്‍ പബ്ബുകളിലോ പോവുകയോ ഡിസ്‌കോ ബാറുകളിലോ പോയിരുന്നില്ല, പക്ഷേ പതിവായി എന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കണ്ടുമുട്ടും. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യും. പ്രിയന്‍ അക്കാലത്ത് മലയാളത്തില്‍ ചെറിയ ബഡ്ജറ്റിലുള്ള കോമഡി സിനിമകള്‍ ചെയ്യുകയാണ്, ഡെന്നീസ് അന്ന് കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ തിരക്കഥാകൃത്തായിരുന്നു, ദിനേഷ് ആവട്ടെ തമിഴ് സിനിമയിലെ പ്രശസ്തനായ സിനിമോട്ടോഗ്രാഫര്‍. ഒരു നടിയെന്ന രീതിയില്‍ ലഭിക്കുന്ന ഓരോ വീട്ടമ്മ വേഷങ്ങളിലും ഫെമിനിസം കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു ഞാനന്ന്. എന്നും ഒരു പുതിയ കഥയോടെ ഞങ്ങളുടെ സംഭാഷണങ്ങള്‍ തുടങ്ങും, പിന്നീടത് തമിഴും മലയാളവും ഇംഗ്ലീഷുമൊക്കെയടങ്ങുന്ന ലോക സിനിമയെ പറ്റിയുള്ള ഗഹനമായ ചര്‍ച്ചകളായി മാറും, അതിനിടയില്‍ ഒരുപാട് ചായകളും സിഗരറ്റുകളും തീരും (അവര്‍ മൂന്നുപേരും അതിഭീകര ചെയിന്‍ സ്‌മോക്കേഴ്‌സ് ആയിരുന്നു). ആ ചര്‍ച്ചകള്‍ അവസാനിക്കുന്നത് വഴക്കിലാവും. ദുര്‍വാശിക്കാരായ ഈ മൂന്ന് മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന് ഞാനെന്ന തമിഴത്തി എല്ലായ്പ്പോഴും ശപഥം ചെയ്യും. എല്ലാ വാദങ്ങളിലും ഞാന്‍ പരാജയപ്പെടും'' പ്രത്യേകിച്ചും പ്രിയനോട്''