ആ രത്‌നം കണ്ടെത്തി. വൈകിയാണെങ്കിലും.. ഋഷികപൂറിന്റെ വിവാഹഫോട്ടോ പങ്കിട്ട് രവീണ
ഋഷി കപൂറിനും നീതു കപൂറിനുമൊപ്പമുള്ള തന്റെ ചെറുപ്പത്തിലെ ഫോട്ടോ പങ്കിട്ട് രവീണ ടണ്ടന്‍. 'ചിന്തു അങ്കിള്‍ (ഋഷി കപൂര്‍) എന്നോട് ഈ ചിത്രം ചോദിച്ചുകൊണ്ടേയിരുന്നു എന്ന ആമുഖത്തോടെയാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്. 1980 ല്‍ നടന്ന നീതുവിന്റെയും ഋഷിയുടെയും വിവാഹഫോട്ടോയാണ് രവീണ സോഷ്യല്‍മീഡിയയില്‍ പങ്ക് വയ്ക്കുന്നത്. ഋഷിയ്ക്കും നീതുവിനുമൊപ്പം തിളങ്ങുന്ന പുഞ്ചിരിയോടെ നില്‍ക്കുന്ന ചെറിയ പെണ്‍കുട്ടിയാണ് രവീണ. ഋഷി കപൂര്‍ അവളെ പിന്നില്‍ നിന്ന് മുറുകെ പിടിക്കുന്നുണ്ട്. ചിത്രത്തോടൊപ്പം രവീണ വൈകാരികമായി കുറിക്കുന്നതിങ്ങനെ- 'ഒരു രത്‌നം കണ്ടെത്തി. വളരെ വൈകിയാണെങ്കിലും. ഈ ചിത്രം കണ്ടെത്തിയതിന് @ujuuhithesoniibabbar- ന് നന്ദി. ചിന്തു അങ്കിള്‍ തന്റെ ആത്മകഥയില്‍ ഉള്‍പ്പെടുത്താന്‍ എന്നോട് ഈ ചിത്രം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നതാണ്. പക്ഷേ എനിക്ക് ഒര്‍ജിനല്‍ ചിത്രം എങ്ങനെയോ നഷ്ടപ്പെട്ടു. ഇപ്പോള്‍ അത് കണ്ടെത്തി. ഇത് എന്നെ സംബന്ധിച്ചിടത്തോളം നിധിയാണ്'. കാന്‍സറിനോട് നിരന്തരമായി പോരാടി കഴിഞ്ഞ വര്‍ഷം ഏപ്രിലിനാണ് ഋഷി കപൂര്‍ അന്തരിച്ചത്.