അര്‍ബുദവും കോവിഡും ഒന്നിച്ചാക്രമിച്ചു പിടിച്ചുനില്‍ക്കാനാകാതെ ശരണ്യ യാത്രയായി
സീരിയല്‍ സിനിമാ താരം ശരണ്യ ശശി അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ദീര്‍ഘകാലം ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. പതിനൊന്ന് തവണ ശരണ്യ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
അര്‍ബൂദരോഗചികിത്സയ്ക്കിടെ രണ്ട് തവണ ശരണ്യയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡാനന്തര പ്രശ്‌നങ്ങള്‍ക്കൊപ്പം ന്യൂമോണിയയും ബാധിച്ചതോടെയാണ് ശരണ്യയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നത്. ഇടയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയെങ്കിലും സോഡിയത്തിന്റെ അളവ് കുറഞ്ഞതോടെ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ചികിത്സയുടെ ഇടവേളകളില്‍ സോഷ്യല്‍മീഡിയകളിലൂടെ ശരണ്യ ആളുകളുമായി വിശേഷങ്ങള്‍ പങ്ക് വച്ചിരുന്നു. നിരവധി തെന്നിന്ത്യന്‍ ഭാഷകളിലെ സീരിയലുകളിലും സിനിമകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു.