Latest Updates

ഒരു സ്ത്രീ എടുക്കുന്ന നിലപാടുകളുടെ പേരില്‍ ആഘോഷിക്കപ്പെടുന്ന സിനിമയാകുകയാണ് സാറാസ്. സാറയെ അനുകൂലിച്ചും വിയോജിച്ചും അഭിപ്രായങ്ങളുണ്ട്.  ഈ ലോകത്തിന് എന്തെങ്കിലും സംഭാവന നല്‍കിയെന്ന സംതൃപ്തിയോടെ വേണം മരിക്കേണ്ടതെന്ന അഭിപ്രായക്കാരിയാണ് സാറ. പക്ഷേ അത് എല്ലാവരെയും പോലെ കല്യാണം കഴിച്ച് കുഞ്ഞുങ്ങളെ  പെറ്റ് അവരുടെ അപ്പിയും മൂത്രവും കോരി  ഒരുനിലയിലെത്തിച്ച സംതൃപതി  ആകരുതെന്നാണ് സാറ പറയുന്നത്. തെറ്റില്ലാത്ത അഭിപ്രായം. ആ നിലപാടില്‍ ഉറച്ചുനില്‍ക്കാനും അത് നടപ്പിലാക്കാനും മാത്രമേ  സാറയ്ക്ക് സമരം ചെയ്യേണ്ടി വരുന്നുള്ളു. അതായത് ബാക്കി ജീവിതത്തില്‍ കാര്യമായ ഒരു  പ്രതിസന്ധിയും ആ പെണ്‍കുട്ടി നേരിടുന്നതായി കാണുന്നില്ല.  ഇഷ്ടം തോന്നുന്നവരെയൊക്കെ പ്രേമിക്കാനും അവരില്‍ കൗമാരക്കാരിയുടെ ചില ചെറിയ പരീക്ഷണങ്ങള്‍ നടത്താനും ധൈര്യമുണ്ട് സ്‌കൂള്‍കുട്ടിയായിരിക്കുമ്പോള്‍ തന്നെ സാറയ്ക്ക്. അവളുടെ ആ ധൈര്യത്തിന് പിന്നില്‍ അപ്പനും അമ്മയും നല്‍കുന്ന സ്വാതന്ത്ര്യവും പിന്തുണയുമുണ്ട്.  ലക്ഷ്വറി  ഫ്‌ളാറ്റില്‍ തരക്കേടില്ലാത്ത ജീവിതം നയിക്കുന്ന, വില കൂടിയ ഉടുപ്പുകള്‍ മാറിമാറിയണിയാന്‍ ഇഷ്ടപ്പെടുന്ന കാര്യമായ ജിവിതപ്രശ്‌നങ്ങളൊന്നും ബാധിക്കാത്ത ഒരുവളുടെ അല്‍പ്പം കൂടി വലിയ സ്വാതന്ത്ര്യത്തിന്റെയും ആഗ്രഹത്തിന്റെയും കഥയാണ് ഈ സിനിമയെന്ന് പറയാം.   അസാധാരണമായ സാഹചര്യങ്ങളില്‍ നിന്ന് സ്വന്തം മനക്കരുത്ത് കൊണ്ട് ഉയര്‍ത്തെഴുന്നേറ്റ് സ്വത്വം തെളിയിക്കുന്ന സ്ത്രീകളുടെ ക്ലീഷേ കഥയല്ല സാറാസ് എന്ന സിനിമ. പകരം സ്വന്തം സന്തോഷത്തിനും ആഗ്രഹങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി,  ജീവിക്കുന്നത് അവനവന് വേണ്ടിയാകണമെന്ന് ഓര്‍മ്മിപ്പിക്കുന്ന അല്‍പ്പം  കൂടി  ഫോര്‍വേഡ് തിങ്കേഴ്‌സ് ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് സാറ എത്തുന്നത്.  കുട്ടികള്‍ വേണമോ വേണ്ടയോ എന്നത്   ദമ്പതികള്‍ ഒരുമിച്ചെടുക്കേണ്ട തീരുമാനം തന്നെയാണ്. സാഹചര്യങ്ങള്‍ക്കും മാനസികാവസ്ഥയ്ക്കും ശാരീരിക സ്ഥിതിയ്ക്കുമൊക്കെ അനുസരിച്ച്് ആ തീരുമാനം എടുക്കുന്നതില്‍ ആര്‍ക്കാണ് തെറ്റ് പറയാന്‍ കഴിയുക.  രണ്ട് മാസമെത്തിയ കുഞ്ഞിനെ സാറ വേണ്ടെന്ന് വച്ചതില്‍ പിന്നീട് അവളുടെ കുടുംബാംഗങ്ങള്‍ പോലും കുറ്റപ്പെടുത്തുന്നതായി കാണുന്നുമില്ല. പക്ഷേ നടക്കാന്‍ പോലുമാകാത്ത കുഞ്ഞുങ്ങളെ അസഹ്യതയോടെ നോക്കുന്ന,  അവരുടെ മൂത്രവും അപ്പിയും അറപ്പോടെ കാണുന്ന സാറയെ അംഗീകരിക്കാന്‍ കഴിയുന്നതേയില്ല. പരസ്പരം സ്‌നേഹിച്ചും സഹായിച്ചുമാണ് ജീവിതം മുന്നോട്ട്  പോകേണ്ടതെന്ന തത്വം സ്വന്തം ജീവിതത്തില്‍ സാറ അനുവര്‍ത്തിക്കുന്നു. പക്ഷേ അമ്മയും അച്ഛനും സമീപത്തില്ലാത്ത ഒരു  കുഞ്ഞ് നിലവിളിക്കുമ്പോള്‍ അസഹിഷ്ണുക്കളാകുന്നു  സാറയും കാമുകനും.  തന്റെ ആശയക്കുഴപ്പങ്ങളില്‍ തീരുമാനങ്ങള്‍ക്കായി അച്ഛനെ ആശ്രയിക്കുന്നുണ്ട് സാറ. സ്വന്തം കുഞ്ഞിന്റെ അപ്പിയും മൂത്രവും വാരി അവരെ വൃത്തിയാക്കിയെടുക്കുന്നതും അവളുടെ ജീവിതത്തിലെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ കൈത്താങ്ങായി കൂടെയുള്ളതും  ആ അച്ഛന് ഒരുപോലെയാണെന്നത് സാറ മനസിലാക്കുന്നതേയില്ല. അതവളെ ബോധ്യപ്പെടുത്താന്‍ അച്ഛനും അമ്മയും  ശ്രമിക്കുന്നുമില്ല. സാറ കുഞ്ഞുങ്ങളെ കാണുന്ന രീതി എന്തുകൊണ്ട് ഇങ്ങനെയായി എന്നത് മനശാസ്ത്രപരമായ വിശദീകരണം വേണ്ടുന്ന ഒന്നാകാം. അത്തരത്തില്‍ ഒരു വിശദീകരണം  ഈ സിനിമയില്‍ എവിടെയെങ്കിലും ചേര്‍ത്തിരുന്നെങ്കില്‍ സാറയെ പൂര്‍ണമായും അംഗീകരിക്കാനാകുമായിരുന്നു. പക്ഷേ  നിലവിലെ സാറ അവളുടെ നിലപാടുകളില്‍ വിജയിക്കുമ്പോള്‍  അനുമോദിക്കാം,  പക്ഷേ സാറയെ സ്‌നേഹിക്കാന്‍ തോന്നുന്നതേയില്ല

Get Newsletter

Advertisement

PREVIOUS Choice