'പവനരച്ചെഴുതുന്നു കോലങ്ങളിന്നും' ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു
പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികില്‍സയിലായിരുന്നു.
1970കളില്‍ ഒരു ക്ലാസ്സിക്കല്‍ ഗായിക എന്ന നിലയില്‍ തുടക്കം കുറിച്ച കല്യാണി, ചലച്ചിത്ര പിന്നണി ഗായികയെന്ന നിലയില്‍ കരിയര്‍ ആരംഭിച്ചു. 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എ.ആര്‍. റഹ്മാന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നു. മംഗളം നേരുന്നു എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിയ 'ഋതുഭേദ കല്‍പന ചാരുത നല്‍കിയ' എന്ന ഗാനവും വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലെ 'പവനരച്ചെഴുതുന്നു കോലങ്ങളിന്നും' എന്ന ഗാനവും മലയാളികള്‍ക്കു സുപരിചതമാണ്.
തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. അലൈപായുതേ, മുത്തു, കാതലന്‍ തുടങ്ങിയ സിനിമകളില്‍ എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയതോടെ തമിഴകത്ത് സൂപ്പര്‍ ഹിറ്റായി .2018 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി സിനിമ 96 ലെ കാതലേ..കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയ്ക്കായി പാടിയത്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാര ജേതാവാണ് കല്യാണി മേനോന്‍. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍ മകനാണ്.
രാജീവ് മേനോന്റെ 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന ചിത്രത്തിന്റെ ഓഡിയോ കാസറ്റ് പ്രകാശനചടങ്ങില്‍ കമലഹാസനില്‍ നിന്നും ആദ്യ കാസറ്റ് സ്വീകരിക്കാന്‍ ക്ഷണിച്ചത് കല്യാണി മേനോനെയാണ്. ഐശ്വര്യ റായുടെ സംഗീതഅധ്യാപികയായി കല്യാണി മേനോന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. എറണാകുളം കാരയ്ക്കാട്ടു മുറിയില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളാണ് കല്യാണിക്കുട്ടി എന്ന കല്യാണിമേനോന്‍.