Latest Updates

എംഎസ് ധോണിയുടെ ജീവിതം വെള്ളിത്തിരയിലെത്തിയപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ മറ്റൊരു ക്രിക്കറ്റ് താരത്തിന്റെ ജീവിതം സിനിമയാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അഥവാ ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം ദാദയുടെ ജീവിതമാണ് വെള്ളിത്തിരയിലെത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് പോരാട്ട വീര്യം പകര്‍ന്നു നല്‍കിയ ദാദയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് ഹിന്ദി നടന്‍ രണ്‍ബീര്‍ കപൂര്‍ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വമ്പന്‍ ബജറ്റില്‍ ഹിന്ദിയിലാണ് ചിത്രം ഒരുങ്ങുന്നത്. തന്റെ ജീവിതം സിനിമയാക്കാന്‍ സമ്മതം മൂളിയിട്ടുണ്ടെന്ന് സൗരവ് ഗാംഗുലി തന്നെയാണ് സൗകാര്യ ചാനലിനോട് അറിയിച്ചത്. അതേസമയം സിനിമ സംവിധാനം ചെയ്യുന്നത് ആരാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. 

 

'ശരിയാണ് എന്റെ ജീവിതം പറയുന്ന സിനിമ എടുക്കുന്നതിന് സമ്മതമാണെന്ന് ഞാന്‍ അറിയിച്ചിട്ടുണ്ട്. ഹിന്ദിയിലായിരിക്കും സിനിമ പുറത്തിറങ്ങുക. ഈ ഘട്ടത്തില്‍ സംവിധായകന്‍ ആരാണെന്ന് പറയുക സാധ്യമല്ല. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശരിയാകാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി എടുക്കും,' എന്നാണ് ഗാംഗുലി വിശദീകരിച്ചത്. 

 

ക്രിക്കറ്റ് തുടങ്ങിയത് മുതല്‍ പിന്നീട് നായകസ്ഥാനത്തേക്കും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്കു എത്തിയതു വരെയുള്ള എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും സിനിമയിലുണ്ടാകും. വലിയ ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ കീഴില്‍ 200 മുതല്‍ 250 കോടി വരെ ചെലവിലാണ് ചിത്രം തയ്യാറാവുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തിരക്കഥ തയ്യാറായി കഴിഞ്ഞെന്നും നിര്‍മ്മാണ കമ്പനി ഗാംഗുലിയുമായി ഇതിനോടകം തന്നെ പല തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് വിവരം. അതേസമയം ഗാംഗുലി തന്നെ രണ്‍ബീറിന്റെ പേര് നിര്‍ദേശിച്ചതായാണ് വിവരം. എന്നാല്‍ മറ്റ് രണ്ട് താരങ്ങള്‍ കൂടി പരിഗണനയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം. അതേസമയം ഇന്ത്യയുടെ 1983 ലെ ലോകകപ്പ് വിജയത്തെ കുറിച്ചുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് കപില്‍ ദേവായി വേഷമിടുന്നത്.

Get Newsletter

Advertisement

PREVIOUS Choice