സുഹൃദ്ബന്ധങ്ങളും ഉറച്ച തീരുമാനവും പിണറായിയെക്കുറിച്ച് മോഹന്‍ലാലും അടൂരും
മുഖ്യമന്ത്രി പിണറായി വിജയനോടുള്ള തങ്ങലുടെ കാഴ്ച്ചപ്പാട് വ്യക്തമാക്കുകയാണ് നടന്‍ മോഹന്‍ലാലും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും. സുഹൃദ് ബന്ധങ്ങളും അതിന് വേണ്ടി അദ്ദേഹം സമയം മാറ്റിവെക്കുന്നു എന്നതുമാണ് മുഖ്യമന്ത്രിയോട് ഇഷ്ടം തോന്നാനുള്ള പ്രധാന കാരണമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
പിണറായി വിജയനെ കൊണ്ട് ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യരാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. അവരില്‍ ചിലരെ തനിക്ക് അറിയാമെന്നും സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇത്രമേല്‍ സൂക്ഷ്മത പുലര്‍ത്തുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. എവിടെ വെച്ചാണ് അവരെ കണ്ട് മുട്ടിയതെന്നും എങ്ങിനെയാണ് കൊഴിഞ്ഞ് പോകാതെ അവരെ സൂക്ഷിക്കുന്നതെന്നും ചോദിക്കണമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'വിജയനാ, എന്തൊക്കെയുണ്ടെടോ' എന്ന് പിണറായി വിജയന്‍ വിളിച്ച് ചോദിക്കുന്ന ഒരാളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടമെന്നും മോഹന്‍ലാല്‍ മലയാള മനോരമയ്ക്ക നല്‍കിയ കുറിപ്പില്‍ പറയുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും നല്ല ഗുണം തീരുമാനിച്ച കാര്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നതാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. തീരുമാനം എടുത്തതിന് ശേഷം ചാഞ്ചാടുന്നത് ഭരണാധികാരിക്ക് യോജിച്ച് കാര്യമല്ല. എന്തെങ്കിലും കാര്യം അദ്ദേഹത്തോട് പറഞ്ഞാല്‍ വളരെ ശ്രദ്ധിച്ച് കേട്ട ശേഷം കൃത്യമായി മറുപടി പറയുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാള മനോരമയില്‍ പിണറായിയെക്കുറിച്ചെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി







