സര്‍ക്കാരെന്ന് കണ്ണ് തുറക്കും 'ബ്രോ ഡാഡി' തെലങ്കാനയില്‍ തുടങ്ങി
സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി മോഹന്‍ലാല്‍-പൃഥിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ബ്രോ ഡാഡി'യുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. സുപ്രിയ മേനോന്‍ ലൊക്കേഷനിലെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഷൂട്ടിങ് തുടങ്ങിയ വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ ഹൈദരബാദിലേക്ക് മാറ്റിയത്. അതേസമയം പൃഥ്വിയുടെയും നായിക കല്യാണി പ്രിയദര്‍ശന്റെയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കിടിലന്‍ ഗെറ്റപ്പിലാണ് ഇരുവരും എത്തുന്നത്. പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും തുടക്കത്തില്‍ ചിത്രീകരിക്കുക. മോഹന്‍ലാല്‍ ഉടന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. മീന, കനിഹ, മുരളി ഗോപി, സൗബിന്‍, ലാലു അലക്സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായെത്തുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം കൂടിയാണിത്.
ബ്രോ ഡാഡി ഉള്‍പ്പെടെ ഏഴ് സിനിമകളാണ് തെലങ്കാനയിലേക്ക് അടക്കം ചിത്രീകരണം മാറ്റിയത്. കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് സിനിമയുടെ ചിത്രീകരണം സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റേണ്ടി വന്നത്. സീരിയല്‍ ചിത്രീകരണം തുടങ്ങിയിട്ടും സിനിമയ്ക്ക് അനുമതിയില്ല. നിര്‍മാണമേഖലയടക്കം പഴയ സ്ഥിതിയിലേക്ക് മടങ്ങുമ്പോഴും സിനിമയോടുള്ള സര്‍ക്കാര്‍ വിവേചനത്തെയാണ് ഫെഫ്കയിലെ പത്തൊമ്പത് തൊഴിലാളി യൂണിയനുകള്‍ ചോദ്യം ചെയ്യുന്നത്. ഇതരസംസ്ഥാനങ്ങളില്‍ സിനിമാമേഖല സജീവമാണ്.
ഒന്നാം ലോക്ഡൗണ്‍ മുതല്‍ തുടങ്ങിയ വലിയ പ്രതിസന്ധിയെ അതിജീവിക്കാന്‍ വളരെ പരിമിതമായ സഹായമാണ് സിനിമാമേഖല തേടുന്നതെന്നും മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെടണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം പേരും ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചവരാണെന്നും ഫെഫ്ക ചൂണ്ടിക്കാട്ടി. ഇതിനിടെ പ്രശ്നത്തില്‍ ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സിനിമാവ്യവസായം തകരുമെന്ന മുന്നറിയിപ്പുമായി ഫിലിം ചേംബറും രംഗത്തെത്തിയിരുന്നു.