ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ സൂപ്പർതാരമായി ഭാവന
26-ാമത് കേരള രാജ്യാന്താര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ സൂപ്പർതാരമായി ഭാവന. അവസാന നിമിഷം വരേയും ആർക്കും ഒരും സൂചനയും നല്‍കാതെ അപ്രതീക്ഷിതമായിട്ടായിരുന്നു ഭാവന ഉദ്ഘാടന വേദിയിലെത്തിയത്. ഉദ്ഘാടന ചടങ്ങിനായി നേരത്തെ സംഘാടക സമിതി പുറത്തിറക്കിയ അതിഥികളുടെ പട്ടികയില്‍ ഭാവനയുടെ പേരുണ്ടായിരുന്നു. ഉദ്ഘാടന സമയത്തോടെ അടുത്തപ്പോള്‍ ഭാവന പങ്കെടുത്തേക്കുമെന്ന ചില അഭ്യൂഹങ്ങള്‍ ഉയർന്ന് വന്നു.
അവസാനം ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പായി മേളയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയ്യാരുന്നു. വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കയ്യടിയോടെ എഴുന്നേറ്റ് നിന്നായിരുന്നു സദസ് സ്വീകരിച്ചത്.
പോരാട്ടത്തിന്‍റെ പെണ്‍ പ്രതീകം എന്ന് വിശേഷിപ്പിച്ചായിരുന്നു ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്. ''ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു''-രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചു.
കെ എസ് എഫ്ഡി സി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്‍കി സ്വീകരിച്ചത്. തുടർന്ന് ഉദ്ഘാടനടച്ചടങ്ങിന്റെ ഭാഗമായ നിലവിളക്ക് കൊളുത്തതില്‍ ഒരു തിരിക്ക് ഭാവനയും തിരികൊളുത്തി. വർഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഭാവന ഒരു പൊതുവേദിയിലേക്ക് എത്തുന്നത്. ഇതിലൂടെ സർക്കാർ തങ്ങളുടെ നിലപാട് കൂടിയാണ് വ്യക്തമാക്കുന്നത്.
ചലച്ചിത്രമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭാവന വ്യക്തമാക്കി. '26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. വേദിയിലേക്ക് ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിക്കും പ്രത്യേക നന്ദി അറിയിക്കുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാവർക്കും, ലിസയെ പോലെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും എല്ലാവിധ ആശംസകളും''- ഭാവന പറഞ്ഞു.
ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്നായിരുന്നു സജി ചെറിയാന്‍ വിശേഷിപ്പിച്ചത്. നിശാഗന്ധിയിലെ പ്രൌഡ ഗംഭീരമായ വേദിയിലാണ് 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനായന്‍ ഉദ്ഘാടകനായ ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ചടങ്ങിലെ മുഖ്യാതിഥി. കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു.തുര്‍ക്കിയില്‍ ഐ എസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ചലച്ചിത്ര പ്രവർത്തകയാണ് ലിസ ചലാന്‍