ഡല്‍ഹിക്ക് ബിഗ് ബി വക രണ്ട് കോടി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും സഹായം
ഡല്‍ഹിയിലെ കോവിഡ് പ്രതിരോധസൗകര്യങ്ങള്‍ക്കായി ബോളിവുഡ് താരം അമിതാബ് ബച്ചന്‍ രണ്ട് കോടി രൂപ സംഭാവന നല്‍കി. കോവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണത്തിനും അദ്ദേഹം സഹായം നല്‍കി. സംഭാവനകളെക്കുറിച്ച് താരം തന്റെ ബ്ലോഗില്‍ കുറിച്ചെങ്കിലും അതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ വിസമ്മതിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തെ വീണ്ടും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കണ്‍സേര്‍ട്ടിലും അമിതാബ് ബച്ചന്‍ സജീവമായിരുന്നു. എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുക എന്ന ലക്ഷ്യമിടുന്ന ആഗോളപൗരധനസമാഹരണയജഞത്തില്‍ ബച്ചനെക്കൂടാതെ ബെന്‍ അഫ്ലെക്ക്, ക്രിസി ടീജെന്‍, ജിമ്മി കിമ്മെല്‍, സീന്‍ പെന്‍, ഡേവിഡ് ലെറ്റര്‍മാന്‍ എന്നിവരും പങ്കെടുത്തിരുന്നു.
തങ്ങള്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ തുക ഇതുവഴി സമാഹരിക്കാന്‍ കഴിഞ്ഞെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. ഈ മാസം ആദ്യം പരിപാടിയുടെ ഷൂട്ടിംഗ് നടന്നെങ്കിലും ശനിയാഴ്ചയായിരുന്നു സംപ്രേഷണം. പരിപാടിയുടെ ഭാഗമാകാനും ഇന്ത്യയ്ക്കുവേണ്ടി പോരാടാനും ഭാഗ്യമുണ്ടായി എന്ന കുറിപ്പോടെ ബിഗ് ബി ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. കോവിഡ് -19 ന്റെ മാരകമായ രണ്ടാം തരംഗത്തിനെതിരെ പോരാടുന്നതിന് ഇന്ത്യയെ സഹായിക്കാന്‍ വീഡിയോയിലൂടെ അദ്ദേഹം ആഗോളപൗരന്‍മാരോട് അഭ്യര്‍ത്ഥിച്ചു.