Latest Updates

സംസ്ഥാന വനം വകുപ്പിന് ലഭ്യമാകാനുള്ള കേന്ദ്ര ഫണ്ട് സമയബന്ധിതമായി അനുവദിക്കുന്നതിന് നടപടികള്‍ക്കായി സംസ്ഥാന വനം മേധാവി ബെന്നിച്ചന്‍ തോമസിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു.  കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ തിരുവനന്തപുരത്ത് നടത്തിയ പ്രവര്‍ത്തന അവലോകന യോഗത്തിലായിരുന്നു അഭ്യർത്ഥന.

നീലഗിരി ബയോസ്പിയര്‍ റിസര്‍വ്വ്, വയനാട് വൈല്‍ഡ് ലൈഫ് സാങ്ച്വറി റിലൊക്കേഷന്‍ , തണ്ണീര്‍ത്തട-കണ്ടല്‍ സംരക്ഷണം തുടങ്ങിയവയ്ക്കായി കേന്ദ്ര വിഹിതം ലഭിക്കേണ്ടതുണ്ട്. സംസ്ഥാനം 40 ശതമാനവും കേന്ദ്രം 60 ശതമാനവും തുക വകയിരുത്തി നടത്തുന്ന പദ്ധതികള്‍ക്ക് കേന്ദ്ര ഫണ്ട് സമയബന്ധിതമായി ലഭിക്കാത്തത് നിര്‍വ്വഹണത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.നീലഗിരി ബയോസ്പിയര്‍ റിസര്‍വ്വ് പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷമായി കേന്ദ്ര ഫണ്ട് ലഭ്യമാകുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംസ്ഥാന വനം വകുപ്പ് കേന്ദ്രത്തിന് 620 കോടി രൂപയുടെ പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്.പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ദൂരപരിധി സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായ സഹചര്യമുള്ള കേരളത്തിന് ഇതു സംബന്ധിച്ച ഇളവുകള്‍ക്കും വനം വകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു.

കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പരിഷ്‌ക്കരിച്ച പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച ശിപാര്‍ശ ജനവാസ മേഖലകളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ളതാണെന്ന് വനം വകുപ്പു മേധാവി ബെന്നിച്ചന്‍ തോമസ് കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു.വിദഗ്ധ സമിതി യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള പരിഷ്‌ക്കരിച്ച പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച ശിപാര്‍ശ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിക്കണമെന്നും വനം മേധാവി കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു. കേരള വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ കേന്ദ്രമന്ത്രി വകുപ്പിന്റെ ആവശ്യങ്ങള്‍ സമഗ്രമായി പരിശോധിക്കാമെന്നും ഉറപ്പു നല്‍കി

Get Newsletter

Advertisement

PREVIOUS Choice