Latest Updates

കൊച്ചി: ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ഇടപ്പള്ളി- മണ്ണുത്തി ദേശീയ പാതയിലെ ടോള്‍ പിരിവ് വിലക്ക് തുടരും. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ടോള്‍ പിരിവ് വിലക്ക് വ്യാഴാഴ്ച വരെയാണ് നീട്ടിയത്. തൃശൂര്‍ - എറണാകുളം ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ടോള്‍ പിരിവ് സംബന്ധിച്ച് തീരുമാനം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. വാദത്തിനിടെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജില്ലാ കലക്ടറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി ജനങ്ങളെ പരീക്ഷിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു. വിഷയത്തെ നിസാരവത്കരിക്കരുത്. കോടതിക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ വിശ്വാസം അര്‍പ്പിച്ചത്. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് കോടതി നിര്‍ദേശിച്ചു. വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്. പ്രശ്ന പരിഹാരത്തിനായി കലക്ടര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചത്. 18 നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതില്‍ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയതായി പൊലീസും ഗതാഗതവകുപ്പും ഉറപ്പാക്കിയിട്ടുണ്ടെന്നും മറ്റുളളവയില്‍ പുരോഗതിയുണ്ടെന്നുമാണ് ഓണ്‍ലൈനില്‍ ഹാജരായ തൃശൂര്‍ കലക്ടര്‍ അറിയിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യാഴാഴ്ച വരെ സമയം അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ദേശീയപാതയില്‍ കുരുക്കു മുറുകിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് ആറു മുതലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചത്.

Get Newsletter

Advertisement

PREVIOUS Choice