മെസിയും അര്‍ജന്റീന ടീമും നവംബറില്‍ കേരളത്തിലേക്ക് വരില്ല, സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍
കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തി ആ കാര്യത്തില്‍ അന്തിമ തീരുമാനം വന്നു. മെസിയും ലോകകപ്പ് നേടിയ അര്‍ജന്റീന ടീമും നവംബറില്‍ കേരളത്തിലേക്ക് കളിക്കാനെത്തില്ല. കേരളത്തിലേക്ക് വരുന്നില്ലെന്നു സ്‌പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) സ്ഥിരീകരിച്ചു. അംഗോളയില്‍ മാത്രം കളിക്കുമെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സ്‌പോണ്‍സറുടെ സ്ഥിരീകരണം. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം. അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് പറയുന്നത്. അതേസമയം കേരളം മത്സരത്തിനു സജ്ജമല്ലെന്നു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വിലയിരുത്തിയതായി അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത സമയത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കില്ലെന്നു എഎഫ്എ വിലയിരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. നവംബര്‍ 17നു അര്‍ജന്റീന ടീം ഓസ്‌ട്രേലിയയുമായി കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കളിക്കുമെന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും പറഞ്ഞത്. ലുവാണ്ടയില്‍ അംഗോളയ്‌ക്കെതിരെ അര്‍ജന്റീന കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വന്നപ്പോഴും ഇന്ത്യയിലേക്ക് വരുന്നത് അവര്‍ സ്ഥീകരിച്ചിരുന്നില്ല. എന്നാല്‍ അപ്പോഴും മെസിയും സംഘവും വരുമെന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും ആവര്‍ത്തിച്ചു പറഞ്ഞത്.





