നർത്തകി മൻസിയക്കു മുന്നിൽ ക്ഷേത്രവാതിലുകൾ തുറക്കണം; പുകസ.
"അഹിന്ദു" ആണെന്നതിൻ്റെ പേരിൽ പ്രശസ്ത നർത്തകി മൻസിയയെ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച നൃത്തപരിപാടിയിൽ നിന്ന് ഒഴിവാക്കിയ ദേവസ്വത്തിൻ്റെ നടപടിയിൽ ശക്തമായ പ്രതിഷേധമറിയിച്ച് പുരോഗമന കലാസാഹിത്യസംഘം.
പരിപാടി ചാർട്ടുചെയ്തതിനു ശേഷമാണ് മൻസിയക്ക് അവസരം നിഷേധിച്ചതെന്നും ദേവസ്വം നേതൃത്വം നർത്തകിയോട് മാപ്പു പറയേണ്ടതുണ്ടെന്നും പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്ർറ് ഷാജി എൻ.കരുൺ ആവശ്യപ്പെട്ടു.
സമുന്നത കലാപ്രവർത്തകർ, ഭരണാധികാരികൾ അടക്കമുള്ള ഇതരമതസ്ഥരായ പൗരന്മാർക്ക് കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദമില്ല എന്ന പ്രാകൃതനിയമം നിലനിൽക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിനകത്ത് പ്രവേശിക്കണമെന്ന ഗായകൻ യേശുദാസിൻ്റെ ആഗ്രഹം ഇനിയും സഫലമായിട്ടില്ല. വിശ്വപ്രസിദ്ധ കഥകളി ഗായകൻ അന്തരിച്ച കലാമണ്ഡലം ഹൈദരാലിക്ക് ഒരിക്കലും ക്ഷേത്രവേദികളിലെ കളിയരങ്ങുകളിൽ പാടാൻ കഴിഞ്ഞിട്ടില്ല. മകൻ മറ്റൊരു മതത്തിൽ ജനിച്ച പെൺകുട്ടിയെ വിവാഹം ചെയ്തതിൻ്റെ പേരിൽ തെയ്യം കലാകാരനെ വിലക്കുന്ന അനീതിക്കും ഈയിടെ കേരളം സാക്ഷ്യം വഹിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ദുരാചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. ശബരിമല ക്ഷേത്രത്തിൽ യുവതികൾക്ക് പ്രവേശനം നൽകാൻ സുപ്രീം കോടതിയും സർക്കാരും ശ്രമിച്ചപ്പോൾ അതിനെ "സുവർണ്ണാവസര"മായിക്കണ്ട് കലാപമുണ്ടാക്കാൻ മതഭീകരർ ശ്രമിച്ചത് നമ്മൾ കണ്ടു. ഇതരമതസ്ഥർക്ക് മാത്രമല്ല, ഹിന്ദുമതത്തിലെ പിന്നോക്ക ദളിത് സമുദായങ്ങളിൽ ജനിച്ചു എന്ന കുറ്റം ചുമത്തി സമുന്നത കലാകാരന്മാരെ പടിപ്പുറത്തു നിർത്തുന്ന സമ്പ്രദായം ചില ക്ഷേത്രങ്ങളിൽ ഇന്നും തുടരുന്നു. വാദ്യകലാകാരന്മാരായ പെരിങ്ങോട് ചന്ദനും കല്ലൂർ ബാബുവിനുമുള്ള ജാതിഭ്രഷ്ട് ഇന്നും തുടരുകയാണ്. ഇത്തരം മത/ജാതി/ലിംഗ ഭ്രഷ്ടുകൾക്കെതിരെ നിയമനിർമ്മാണം ഉണ്ടാകണം. അതിനാവശ്യമായ ബഹുജനവികാരമാണ് ആദ്യം ഉയർന്നു വരേണ്ടത്.
"അഹിന്ദുക്കൾ പ്രവേശനമില്ല" എന്ന ബോർഡ് ഇരുന്ന സ്ഥലത്ത് മുൻപ് "അവർണ്ണർക്ക് പ്രവേശനമില്ല" എന്ന ബോർഡാണ് ഉണ്ടായിരുന്നത് എന്ന കാര്യം നമ്മൾ ഓർക്കണം. കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിലെ വഴിയിൽ കൂടി സഞ്ചരിക്കാൻ പോലും പിന്നാക്ക ജാതിക്കാർക്ക് അവകാശമുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റു പാർടി സമരം ചെയ്താണ് ആ അവകാശം നേടിയെടുത്തതെന്നും പുരോഗമനകലാസാഹിത്യസംഘം ഓര്ർമിപ്പിച്ചു.
                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                






