ക്രാഫ്റ്റ് വില്ലേജില്‍ ‘സെന്റർ സ്റ്റേജ്’ ഉണരുന്നു; പെണ്‍നടനും , ട്രിക്സ് മാനിയയും വേദിയിൽ
സന്തോഷ് കീഴാറ്റൂരിന്റെ സോളോ നാടകം പെണ്‍നടനും മെന്റലിസ്റ്റ് ഫാസില്‍ ബഷീറിന്റെ 'ട്രിക്സ് മാനിയ' എന്ന മെന്റലിസം പ്രോഗ്രാമുമായി കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന്റെ ‘സെന്റർ സ്റ്റേജി’നു ഇന്ന് തുടക്കമാകും. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച്ചകളില്‍ ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിക്കുന്ന കലാസംസ്ക്കാരികപരിപാടിയാണു 'സെന്റര്‍ സ്റ്റേജ്'. വൈകിട്ട് ഏഴുമണിക്കു ട്രിക്സ് മാനിയയും എട്ടുമണിയോടെ നാടകവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
പ്രശസ്ത നാടകനടന്‍ ഓച്ചിറ വേലുക്കുട്ടിയാശാന്റെ നാടകജീവിതമാണ് പെണ്‍നടന്റെ പ്രമേയം. സ്ത്രീകള്‍ക്ക് അരങ്ങിലെത്താന്‍ വിലക്കുണ്ടായിരുന്ന കാലത്ത്, നായകവേഷം ചെയ്യാന്‍ ആഗ്രഹിച്ച ഒരു നടന്‍ സ്ത്രീവേഷങ്ങളിലേക്ക് ഒതുങ്ങിപ്പോയ കഥയാണ് സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ബോധവത്കരണമാണ് ട്രിക്‌സ് മാനിയ. മെന്റലിസവും മാജിക് ഷോകളും സംഘടിപ്പിക്കുന്ന ഫാസില്‍ ബഷീര്‍ പ്രശസ്ത യൂട്യൂബര്‍ കൂടിയാണ്.