Latest Updates

1200 വർഷങ്ങൾക്കു മുൻപ്, അറുപത്തിനാലിൽ അധികം വിഷയങ്ങൾ പഠിപ്പിച്ചിരുന്ന ഒരു സർവകലാശാല ഈ അനന്തപുരിയിൽ ഉണ്ടായിരുന്നു എന്ന് എത്ര പേർക്കറിയാം. പ്രശസ്തമായ നളന്ദ സർവകലാശാല പോലെയായിരുന്നു കാന്തളൂർ ശാല. ദക്ഷിണ നളന്ദ എന്നാണ് കാന്തളൂർ ശാല അറിയപ്പെട്ടിരുന്നതു പോലും. ശ്രീലങ്കയിൽ നിന്നു വരെ ആളുകൾ പഠിക്കാൻ എത്തിയിരുന്ന ഈ ശാല ഒൻപതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഇവിടെ പ്രവർത്തിച്ചിരുന്നെന്നും പിന്നീട് ചേര–ചോള യുദ്ധത്തിൽ നശിപ്പിക്കപ്പെട്ടെന്നുമാണു ചരിത്രകാരന്മാർ പറയുന്നത്.

യുവജനങ്ങൾക്കു മാത്രമല്ല മുതിർന്നവർക്കും കാന്തളൂർശാലയെപ്പറ്റി കേട്ടറിവു പോലുമില്ലെന്നുള്ള തിരിച്ചറിവിൽ നിന്നാണ് കാന്തളൂർ ശാലയുടെ ചരിത്രത്തെയും പ്രാധാന്യത്തെയും അടയാളപ്പെടുത്താം എന്ന തീരുമാനത്തിലേക്കു  വാമനപുരം കാഞ്ഞിരംപാറ ഗവ.എൽ.പി സ്കൂളിലെ അധ്യാപകനായ കിഷോർ കല്ലറ എത്തിയത്  

 അങ്ങനെയാണ്  *‘എന്നിട്ടും കാന്തളൂർ’* എന്ന ഡോക്യുമെന്ററി നിർമിക്കുന്നത്. ഈ ഡോക്യുമെന്ററിക്ക് ഒരു ലക്ഷ്യമേയുള്ളു എന്നു കിഷോർ പറയുന്നു. ‘‘ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മാത്രമൊതുങ്ങുന്നതല്ല തിരുവനന്തപുരത്തിന്റെ ചരിത്രം.

"പൈതൃകമുറങ്ങുന്ന ഈ മണ്ണിന്റെ ചരിത്രം പുതിയ തലമുറയിലേക്ക് എത്തിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി. അങ്ങനെയാണു ഡോക്യുമെന്ററി എന്ന ആശയത്തിൽ എത്തിയത്.’’ കിഷോർ പറയുന്നു.

കിഷോർ ചരിത്രകാരന്മാരിലുടെയും ചരിത്ര പുസ്തകങ്ങളിലൂടെയും നടത്തിയ ദീർഘയാത്രയുടെ അടയാളങ്ങൾ ഈ ഡോക്യുമെന്ററിയിലുണ്ട്. 1200 വർഷങ്ങൾക്കു മുൻപ് ആയോധന മുറകളും നിരീശ്വരവാദവുമടക്കം 64 വിഷയങ്ങളാണ് ഇവിടെ പഠിപ്പിച്ചത്. ഈ ശാല ആദ്യം വിഴിഞ്ഞത്തായിരുന്നു എന്നും പിന്നീടു വലിയശാലയിലേക്കു മാറ്റിയതാണെന്നുമുള്ള നിഗമനത്തിലാണു ചരിത്രകാരന്മാർ.

മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബു പോൾ, യൂണിവേഴ്സിറ്റി കോളജ് ചരിത്രവിഭാഗം തലവൻ ഡോ.എൻ. ഗോപകുമാരൻ നായർ, ശാലയെപ്പറ്റി ഗവേഷണം നടത്തുന്ന കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപകൻ ഇ.ശ്രീജിത്, പൈതൃകപഠന കേന്ദ്രം മുൻ ഡയറക്ടർ ടി.പി. ശങ്കരൻകുട്ടി നായർ എന്നിങ്ങനെ നിരവധി പേർ ഡോക്യുമെന്ററിയിൽ ശാലയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നു.

കാന്തളൂർ ശാല സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോൾ വലിയശാല മഹാദേവ ക്ഷേത്രമാണ്. ഇപ്പോഴത്തെ ആര്യശാല, വലിയശാല, ചാല എന്നിങ്ങനെയുള്ള സ്ഥലങ്ങൾ ചേരുന്നത്ര വലുതായിരുന്നു അന്നത്തെ കാന്തളൂർ ശാല എന്നു വേണം കരുതാൻ. എഡി 855ൽ കരിനന്തടുക്കൻ എന്ന രാജാവ് പാർഥിവപുരമെന്ന സ്ഥലത്തു ശാല നിർമിച്ചു രേഖപ്പെടുത്തിയ ചെമ്പോലയിൽ ഇത് കാന്തളൂർ ശാലയുടെ മാതൃകയിലാണു സ്ഥാപിക്കുന്നതെന്ന് എഴുതി

*ഇരുപത്തി ആറാമത് ദേശീയ വിദ്യാഭ്യാസ ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് വാമനപുരം കാഞ്ഞിരംപാറ ഗവ: എൽപി സ്കൂൾ നിർമ്മിച്ച എന്നിട്ടും കാന്തള്ളൂർ എന്ന ചിത്രത്തിന് ആണ്  കേരളത്തിൽ നിന്ന് ഒട്ടേറേ ചിത്രങ്ങൾ നോമിനേറ്റ്  ചെയ്തു എങ്കിലും മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയ കേരളത്തിൽ നിന്നുള്ള ഏക ചിത്രമായിരുന്നു  എന്നിട്ടും കാന്തള്ളൂർ.   

Get Newsletter

Advertisement

PREVIOUS Choice